
റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച പതിമൂന്ന് പേരിൽ മലയാളി യുവതിയും
റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച പതിമൂന്ന് പേരിൽ മലയാളി യുവതി ഉൾപ്പെടെ പതിനൊന്ന് പേരും ഇന്ത്യക്കാരാണെന്ന് സ്ഥിരീകരണം. കണ്ണൂർ തലശ്ശേരി പന്ന്യന്നൂർ സ്വദേശിനി ഇരുപത്തിയാറുകാരിയായ സങ്കീർത്ത സുരേഷിന്റെ മരണം ബന്ധുക്കൾ സ്ഥിരീകരിച്ചു. ഗുജറാത്ത് സ്വദേശിനി മഹിമ സോണി, തമിഴ്നാട് സ്വദേശി വിനോദ് കുമാർ എന്നിവരുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. വീസ മാറ്റത്തിനായി ഒമാനിലേക്ക് പോയ നാൽപത്തിയൊന്ന് യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
അൽ വതൻ റോഡിൽ സാങ്കേതിക തകരാർ മൂലം റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിലേക്ക് യാത്രാബസ് ഇടിച്ചുകയറുകയായിരുന്നു. പരുക്കേറ്റ ഇരുപത്തിയാറോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മരിച്ചവരുടെ പൂര്‍ണമായ പേരുവിവരങ്ങളടങ്ങിയ ഔദ്യോഗിക പട്ടിക റാസൽഖൈമ പോലീസ് ഉടൻ പുറത്തുവിടും.
