
യുഎസ് ഇസ്രയേൽ ഇറാൻ സംഘർഷത്തിൽ ഏഴാം ദിനവും പശ്ചിമേഷ്യയിൽ ഉൾപ്പെടെ യുദ്ധഭീതി തുടരുകയാണ്
ജറുസലേം: യുഎസ് ഇസ്രയേൽ ഇറാൻ സംഘർഷത്തിൽ ഏഴാം ദിനവും പശ്ചിമേഷ്യയിൽ ഉൾപ്പെടെ യുദ്ധഭീതി തുടരുകയാണ്. ഇറാനെതിരായ ആക്രമണം അടുത്ത ഘട്ടത്തിലേക്ക് എന്നാണ് ഇസ്രയേൽ സൈനിക മേധാവിയുടെ പ്രതികരണം.
ടെഹ്‌റാനിലെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങൾ തകർക്കുന്നതിൽ ഇസ്രയേൽ വ്യോമസേന വൻ വിജയം കൈവരിച്ചിട്ടുണ്ട്. ഇറാന്റെ ആക്രമണ ശേഷി തകർക്കുന്നതിന്റെ ഭാഗമായി 30 ഇറാനിയൻ കപ്പലുകൾ തകർത്തതായി അമേരിക്കൻ സേന അറിയിച്ചു. ഇത് ഇറാന്റെ സമുദ്ര വ്യാപാരത്തെയും ആയുധക്കടത്തിനെയും വലിയ തോതിൽ ബാധിക്കും.
ഇസ്രയേലിന്റെ ധീരമായ നടപടികളെ പ്രശംസിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനിലെ ഭരണമാറ്റത്തിനുള്ള ആഹ്വാനം നൽകിക്കഴിഞ്ഞു. ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഐആർജിസി കമാൻഡർമാരോടും നയതന്ത്രജ്ഞരോടും ജനാധിപത്യപക്ഷത്തേക്ക് കൂറുമാറാൻ അദേഹം ആവശ്യപ്പെട്ടു.
പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കുന്നതിനും ഇറാൻ ഉയർത്തുന്ന ഭീഷണി ഇല്ലാതാക്കുന്നതിനുമായി സൈനിക നടപടികൾ തുടരാൻ യുഎസ് കോൺഗ്രസും സെനറ്റും ട്രംപിന് പൂർണ പിന്തുണ നൽകി വോട്ട് ചെയ്തു. മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നത് വരെ ദൗത്യം തുടരുമെന്ന് പെന്റഗൺ മേധാവി പീറ്റ് ഹെഗ്‌സെത്ത് വ്യക്തമാക്കി
