
ജോർദാനിലെ യു.എസ് താവളം ലക്ഷ്യമിട്ട് ഇറാന്റെ ആക്രമണം
കയ്‌റോ: ഇറാനും യു.എസും അന്യോന്യം ആക്രമണം അവസാനിപ്പിച്ചതിനെത്തുടർന്ന് ഏതാനും ദിവസമായി പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സമാധാനാന്തരീക്ഷം തകരുന്നു. ബുധനാഴ്ച രാവിലെ ജോർദാനിൽ ഇറാൻ ആക്രമണം നടത്തിയതോടെയാണിത്. അഞ്ചു ഡ്രോണുകൾ ജോർദാൻ സൈന്യം വെടിവെച്ചിട്ടു.
പശ്ചിമേഷ്യയിലെ അമേരിക്കൻ സൈന്യത്തെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണം പരാജയപ്പെടുത്തിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്(സെന്റ്കോം) അറിയിച്ച് മണിക്കൂറുകൾക്കകമാണിത്. ജോർദാനിലെ സെന്റ്കോം ആസ്ഥാനവും മുവാഫഖ് സാൽതി വ്യോമതാവളവും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്‍ലാമിക് റെവലൂഷണറി ഗാർഡ് (ഐ.ആർ.ജി.സി.) പ്രസ്താവനയിൽ അറിയിച്ചു. ഇറാനെ ആക്രമിക്കാൻ സൈന്യം സജ്ജരായിരിക്കുകയാണെന്ന് സെന്റ്‌കോം അറിയിച്ചു. ഇറാഖിലെ ഇറാൻ അനുകൂല സംഘങ്ങളും യു.എസ്. സഖ്യസേനയും തമ്മിൽ പുതിയ പോർമുഖം തുറന്നതിന് സമാന്തരമായാണ് ഈ സംഭവം.
