
സൗദിയിലെ വിവിധ പ്രവിശ്യകളിൽ കാറ്റിന് സാധ്യത; കാലാവസ്ഥാകേന്ദ്രം
റിയാദ്: സൗദിയിലെ 9 പ്രവിശ്യകളിൽ ഇന്ന് കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. ജിസാൻ, അസീർ, അൽ ബഹ, മക്ക, മദീന, നജ്റാൻ, കിഴക്കൻ പ്രവിശ്യയുടെ വടക്കൻ ഭാഗങ്ങൾ, തബൂക്ക്, റിയാദ് എന്നീ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിലും പൊടിയും മണ്ണും നിറഞ്ഞ ഉപരിതല കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി പ്രവചിച്ചു.
കൂടാതെ, ജിസാൻ, അസീർ, അൽ ബഹ, മക്ക, മദീന എന്നിവിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്കും സാധ്യതയുണ്ട്. നജ്റാൻ പ്രദേശത്തും ഇടിമിന്നലോടുകൂടിയ മഴയുണ്ടാകും. അറേബ്യൻ ഗൾഫിന്റെയും ചെങ്കടലിന്റെയും തീരപ്രദേശങ്ങളിൽ രാത്രിയിലും അതിരാവിലെയും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
