
ക്യാപ്റ്റൻ സ്മിത്ത് മച്ചാർക്കും വിമാനത്തിലെ ജീവനക്കാർക്കും യുഎഇ ഭരണകൂടം ഉന്നത ബഹുമതി നൽകി ആദരിച്ചു
ഫ്ലൈ ദുബായ് വിമാനത്തിൽ സഹപൈലറ്റിൽ നിന്നുണ്ടായ അപ്രതീക്ഷിത ആക്രമണത്തെ ധീരമായി നേരിട്ട് നൂറുകണക്കിന് യാത്രക്കാരുടെ ജീവൻ രക്ഷിച്ച ക്യാപ്റ്റൻ സ്മിത്ത് മച്ചാർക്കും വിമാനത്തിലെ ജീവനക്കാർക്കും യുഎഇ ഭരണകൂടം ഉന്നത ബഹുമതി നൽകി ആദരിച്ചു. ‘ഫസ്റ്റ് ക്ലാസ് ഓർഡർ ഓഫ് ഷെയ്ഖ് സായിദ് – 2’ ബഹുമതി യുഎഇ പ്രസിഡന്റാണ് ജീവനക്കാർക്ക് നേരിട്ട് സമ്മാനിച്ചത്. സെപ്തംബർ 30-ന് ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന വിമാനത്തിലാണ് സഹപൈലറ്റ് ക്യാപ്റ്റന് നേരെ ആക്രമണം നടത്തിയത്. കടുത്ത പരിക്കുകൾക്കിടയിലും ക്യാപ്റ്റൻ കോക്പിറ്റ് വാതിൽ തുറന്നതോടെ യാത്രക്കാർ അക്രമിയെ കീഴ്പ്പെടുത്തി. തുടർന്ന് വിമാനത്തിലുണ്ടായിരുന്ന മറ്റ് പൈലറ്റുമാർ വിമാനം സൗദി അറേബ്യയിൽ അടിയന്തരമായി ലാൻഡ് ചെയ്യിക്കുകയായിരുന്നു. നിലവിൽ സ്മിത്ത് മച്ചാർ യുഎഇയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
