അര്‍ണബ് ചുഴലിക്കാറ്റ് കര തൊട്ടു; ആന്ധ്രയിലും ഒഡീഷയിലും കനത്ത മഴ; നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി

0

വിശാഖപട്ടണം: അര്‍ണബ് ചുഴലിക്കാറ്റ് കര തൊട്ടു. ആന്ധ്രാപ്രദേശിലെ ബാപട്‌ലയ്ക്കും വിശാഖപട്ടണത്തിനും ഇടയില്‍, പുതുച്ചേരിയിലെ യാനത്തിന് തെക്കുഭാഗത്തെ തീരത്ത് പുലര്‍ച്ചെ 1:20 നാണ് ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിച്ചത്. ഇതോടെ ആന്ധ്രാപ്രദേശ് ഉള്‍പ്പെടെയുള്ള കിഴക്കന്‍ സംസ്ഥാനങ്ങളിലെ തീരദേശ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്.

പ്രതീക്ഷിച്ചതിലും നേരത്തെ കരയില്‍ പ്രവേശിച്ച ചുഴലിക്കാറ്റ് നിലവില്‍ ഏതാണ്ട് ഒരിടത്ത് തന്നെ തുടരുകയാണെന്നും കരയിലേക്ക് പ്രവേശിക്കുന്ന പ്രക്രിയ ഇനിയും രണ്ട് മണിക്കൂറോളം തുടരുമെന്നുമാണ് കരുതപ്പെടുന്നതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം രാവിലെ ആറരയോടെ ഇറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. നേരത്തേ പുലര്‍ച്ചെ രണ്ടിനും നാലിനും ഇടയിലാകും അര്‍ണബ് കര തൊടുക എന്നാണ് കരുതിയിരുന്നത്. എന്നാല്‍ ചുഴലിക്കാറ്റിന്റെ സഞ്ചാര വേഗം വര്‍ധിച്ചതോടെ പ്രതീക്ഷിച്ചതിലും നേരത്തേ കര തൊടുകയായിരുന്നു.

ചുഴലിക്കാറ്റിനെ നേരിടാന്‍ ആന്ധ്ര പ്രദേശില്‍ വിപുലമായ മുന്നൊരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. നേരത്തേ ആന്ധ്രയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് 2,199 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചതായും ആളുകളെ ഒഴിപ്പിച്ചതായും മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു നേരത്തേ അറിയിച്ചിരുന്നു. പ്രായമായവര്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്കാണ് ഒഴിപ്പിക്കലില്‍ മുന്‍ഗണന നല്‍കിയത്. 2,360 ഗര്‍ഭിണികളെ ഇതിനകം ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തീരദേശ മേഖലകളില്‍ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക നിര്‍ദേശങ്ങള്‍ പിന്തുടരണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി

You might also like