
ചേരാനല്ലൂര്‍ അപകടം: കാര്‍ ഉടമയായ ജഡ്ജിക്കെതിരെ പോലീസ് കേസെടുത്തു
കൊച്ചി: ചേരാനെല്ലൂരില്‍ ബെന്‍സ് കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ ജയപാലകൃഷ്ണന്‍(55) മരിച്ച സംഭവത്തില്‍ കാറോടിച്ച പതിനേഴുകാരന്റെ പിതാവായ അഡീഷണല്‍ സെഷന്‍സ് ജഡ്ജി റിനോ ഫ്രാന്‍സിസ് സേവ്യറിനെതിരേ കേസെടുത്തു.
പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് വാഹനം നല്‍കിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍, ആര്‍.സി ഓണര്‍ എന്ന നിലയിലാണ് ജഡ്ജിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. വിഷയത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
വാഹന ഉടമയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതില്‍ പോലീസ് തുടക്കത്തില്‍ മടി കാണിച്ചെന്ന ആരോപണമുണ്ടായിരുന്നു. അപകടത്തില്‍ മരിച്ച ജയപാലകൃഷ്ണന്റെ കുടുംബം ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) രൂപവല്‍കരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഭാരതീയ ന്യായ സംഹിതയിലെ (ബി.എന്‍.എസ്) 106-ാം വകുപ്പ് ഉള്‍പ്പെടെ ചുമത്തി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയ പതിനേഴുകാരന് മുന്‍കാല കുറ്റകൃത്യങ്ങളില്ലെന്ന കാര്യം പരിഗണിച്ച് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, തങ്ങളുടെ അച്ഛന് നീതി ലഭിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് ജയപാലകൃഷ്ണന്റെ മകള്‍ ഭദ്ര കീര്‍ത്തിയും കുടുംബവും അറിയിച്ചു
