‘പ്രിയദര്‍ശിനി’ തന്ന തുക കുരുന്നുകള്‍ക്ക് അന്നമാകുന്നു; പൊന്മുടിയെ ഈറനണിയിച്ച് ടീച്ചര്‍മാരുടെ സ്‌നേഹം

0

തിരുവനന്തപുരം: പൊന്മുടിയുടെ ഇരുപത്തിരണ്ട് ഹെയര്‍പിന്‍ വളവുകള്‍ കയറി ദിവസവും എത്തുന്ന പ്രിയദര്‍ശിനി ബസ് ഇപ്പോള്‍ വെറുമൊരു യാത്രാമാര്‍ഗമല്ല, മറിച്ച് 30 കുരുന്നുകളുടെ വിശപ്പകറ്റുന്ന സ്‌നേഹവഴി കൂടിയാണ്. യാത്ര സൗജന്യമായതിലൂടെ തങ്ങള്‍ക്ക് മിച്ചം പിടിക്കാനായ തുക പൂര്‍ണ്ണമായും സ്‌കൂളിലെ കുട്ടികളുടെ വൈകുന്നേരത്തെ ഭക്ഷണത്തിനായി നല്‍കി മാതൃകയാവുകയാണ് വിതുര പൊന്‍മുടി ജി.യു.പി സ്‌കൂളിലെ മൂന്ന് അധ്യാപികമാര്‍.

മലപ്പുറം മഞ്ചേരി സ്വദേശിനി പി. നിമിഷ, പാലക്കാട് ഒറ്റപ്പാലം സ്വദേശിനി കെ. ജയശ്രീ ദേവന്‍, വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിനി ശാലു പൗലോസ് എന്നിവരാണ് തോട്ടം തൊഴിലാളികളുടെ മക്കളുടെ വിശപ്പകറ്റാന്‍ മുന്നോട്ടുവന്നത്. വിതുരയില്‍ വാടകയ്ക്ക് താമസിക്കുന്ന ഇവര്‍ക്ക് പ്രതിമാസം യാത്രാച്ചെലവായി വന്നിരുന്ന 3,000 രൂപയോളം മാറ്റിവെച്ചാണ് സ്‌കൂളിലെ സായാഹ്ന ഭക്ഷണ പദ്ധതിക്ക് സ്ഥിരമായ സാമ്പത്തിക സഹായം നല്‍കുന്നത്.

തോട്ടം തൊഴിലാളികളായ മാതാപിതാക്കള്‍ ജോലി കഴിഞ്ഞ് ലയങ്ങളിലേക്ക് മടങ്ങിയെത്തുമ്പോള്‍ നേരം വൈകുന്നതിനാല്‍ കുട്ടികളുടെ വൈകുന്നേരത്തെ വിശപ്പടക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു. ഇതിന് പരിഹാരമായി വിതുര കെ.എസ്.ടി.എ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സായാഹ്ന ഭക്ഷണ പദ്ധതി സ്‌പോണ്‍സര്‍മാരുടെ സഹായത്തോടെയാണ് മുന്നോട്ടുപോയിരുന്നത്. പദ്ധതി തടസമില്ലാതെ തുടരാന്‍ സ്ഥിരം വഴി തേടിയ അധ്യാപികമാര്‍ തങ്ങളുടെ യാത്രാ ആനുകൂല്യം ഇതിനായി പ്രയോജനപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.

ഗുണകരമായ ഈ പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ട ഗതാഗത വകുപ്പ് മന്ത്രി സി.പി ജോണ്‍ അധ്യാപികമാരെ വസതിയിലേക്ക് ക്ഷണിച്ചുവരുത്തി ആദരിച്ചു. പഠന സൗകര്യങ്ങള്‍ക്കൊപ്പം കുട്ടികളുടെ പോഷകാഹാരവും ഉറപ്പാക്കാന്‍ മുന്നോട്ടുവന്ന ഈ അധ്യാപികമാര്‍ അധ്യാപക വൃത്തിയുടെ മാഹാത്മ്യം ഉയര്‍ത്തിപ്പിടിച്ചതായി പ്രഥമാധ്യാപകന്‍ ഷിബു സി. ദാസ് പറഞ്ഞു

You might also like