ലേണേഴ്സ് പരീക്ഷ ജയിക്കാൻ നിലവിൽ ആവശ്യമായ 60 ശതമാനം മാർക്ക് 75 ശതമാനമായി ഉയർത്താനും, ലൈസൻസിലെ വിവരങ്ങൾ തിരുത്തുന്നതിനുള്ള സേവന ഫീസുകൾ ഒഴിവാക്കാനും കരടിൽ ശുപാർശ ചെയ്യുന്നു.
കൂടാതെ, അപേക്ഷ നൽകി 15 ദിവസത്തിനകം അപേക്ഷകർ റോഡ് സുരക്ഷ സംബന്ധിച്ച ക്ലാസിൽ നിർബന്ധമായും പങ്കെടുത്തിരിക്കണം.
അപേക്ഷകരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള കൃത്യമായ വിവരശേഖരണവും പുതിയ അപേക്ഷയുടെ ഭാഗമാകും. അപസ്മാരമുണ്ടോ, അതിനുള്ള മരുന്നുകൾ കഴിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ ചോദ്യാവലിയിൽ ഉൾപ്പെടുത്തും. ഇതിന് ‘അതെ’ എന്നാണ് ഉത്തരമെങ്കിൽ ലൈസൻസ് ലഭിക്കില്ല.
കാഴ്ചക്കുറവ്, നിശാന്ധത, കൈകാലുകളുടെ ചലനപരിമിതി, മരുന്നുകളോടുള്ള അലർജി, ശരീരത്തിൽ ഘടിപ്പിച്ചിട്ടുള്ള ഇംപ്ലാന്റുകൾ എന്നിവയും അപേക്ഷയിൽ വെളിപ്പെടുത്തേണ്ടിവരും.
അലർജിയടക്കമുള്ള ചില വിവരങ്ങൾ വാഹനാപകടങ്ങൾ സംഭവിച്ച് അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ മാത്രമേ പരിശോധിക്കാൻ പാടുള്ളൂ എന്നും വ്യവസ്ഥയുണ്ട്.
രക്തഗ്രൂപ്പ്, അവയവദാന സന്നദ്ധത, അപകടമുണ്ടായാൽ ബന്ധപ്പെടേണ്ട വ്യക്തിയുടെ പേരും ഫോൺ നമ്പറും എന്നിവ ലൈസൻസിൽ രേഖപ്പെടുത്തും. പരമ്പരാഗത സ്മാർട്ട് കാർഡുകൾക്ക് പകരം ക്യു.ആർ കോഡ് (QR Code) സംവിധാനമുള്ള പി.വി.സി ലാമിനേറ്റഡ് കാർഡുകളിലേക്ക് ലൈസൻസ് മാറും. ഇത് സ്കാൻ ചെയ്താൽ ഡ്രൈവറുടെ പൂർണ്ണ വിവരങ്ങൾ ലഭ്യമാകും.
പേര്, മേൽവിലാസം, ഫോൺ നമ്പർ തുടങ്ങിയവ തിരുത്താനുള്ള നടപടികൾ കൂടുതൽ വേഗത്തിലാക്കും. വിലാസം മാറ്റാനുള്ള അപേക്ഷയിൽ 30 ദിവസത്തിനകവും മറ്റ് വിവരങ്ങളിലെ തിരുത്തലുകളിൽ 15 ദിവസത്തിനകവും അന്തിമ തീരുമാനമെടുത്തില്ലെങ്കിൽ അപേക്ഷ അംഗീകരിച്ചതായി കണക്കാക്കും.
വിവരങ്ങൾ തിരുത്തൽ, മൊബൈൽ നമ്പർ മാറ്റം തുടങ്ങിയ സേവനങ്ങൾ പൂർണ്ണമായും സൗജന്യമാക്കാനാണ് നീക്കം. വിലാസം തെളിയിക്കുന്നതിനായി ആധാർ, വോട്ടർ ഐഡി, പാസ്പോർട്ട്, പെൻഷൻ രേഖകൾ എന്നിവയ്ക്ക് പുറമെ മൂന്ന് മാസം വരെയുള്ള വൈദ്യുതി-പാചകവാതക ബില്ലുകളും ഉപയോഗിക്കാം.