
പാറശ്ശാലയിൽ ട്രെയിൻ എഞ്ചിൻ പാളം തെറ്റി
തിരുവനന്തപുരം: പാറശ്ശാലയിൽ ട്രെയിൻ എഞ്ചിൻ പാളം തെറ്റി. ബിലാസ്പൂർ-തിരുനെൽവേലി എക്സ്പ്രസ് ട്രെയിൻ ആണ് പാളം തെറ്റിയത്. റെയിൽവേ ട്രാക്കിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെത്തുടർന്നാണ് ട്രെയിൻ പാളം തെറ്റിയതെന്നാണ് വിവരം. പരശുറാം അടക്കം നിരവധി ട്രെയിനുകൾ വൈകുന്നുണ്ട്.
പുലർച്ചെ 3.30ന് ട്രെയിൻ കടന്നുപോകുമ്പോഴായിരുന്നു മണ്ണിടിച്ചിൽ ഉണ്ടായത്. പ്രദേശത്ത് കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തിരുന്നു. ഇതേത്തുടർന്നാണ് മണ്ണ് പാളത്തിലേക്ക് ഇടിഞ്ഞു വീണത്. തിരുവനന്തപുരം സെൻട്രൽ വിട്ട് നാഗർകോവിലിലേക്കാണ് ട്രെയിൻ പോയിക്കൊണ്ടിരുന്നത്. ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടലിലാണ് വലിയ അപകടം ഒഴിവായത്. നാഗർകോവിൽ ഭാഗത്തേക്ക് പോകുന്ന ട്രെയിനുകളാണ് ഏറെയും വൈകുന്നത്.
