
ദമ്മാം വിമാനത്താവളത്തിൽ വീണ്ടും ഹൂതി വിമത ആക്രമണം
ദമ്മാം: യമനിലെ ഹൂതി വിമതർ ദമ്മാം വിമാനത്താവളത്തെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. എട്ട് പേർക്ക് പരിക്കേറ്റു. വിമാനത്താവളത്തിനും നാശനഷ്ടം സംഭവിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. മരണപ്പെട്ട വ്യക്തി പ്രവാസിയാണെന്ന് അധികൃതർ അറിയിച്ചു. പരിക്കേറ്റവർ ഏത് രാജ്യക്കാരാണെന്ന് വ്യക്തമായിട്ടില്ല. ദമ്മാം വിമാനത്താവളത്തെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങൾ പ്രതിരോധിക്കുന്നതിനിടെയാണ് അപകടം. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി.
ഷൈബ എണ്ണപ്പാടം ലക്ഷ്യമിട്ട് ഹൂതികളുടെ ആക്രമണത്തിൽ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ഫിലിപ്പൈൻസ്, നേപ്പാൾ സ്വദേശികളാണ് കൊല്ലപ്പെട്ടത്. ഇന്ത്യക്കാരനും പാകിസ്താൻ സ്വദേശിക്കും പരിക്കേറ്റിട്ടുണ്ട്. ആക്രമണം പ്രതിരോധിക്കുന്നതിനിടെ അവശിഷ്ടങ്ങൾ വീണാണ് അപകടം. സൗദിയുടെ കിഴക്കൻ പ്രവിശ്യയിലാണ് ഷൈബ എണ്ണപ്പാടം.
ഒക്ടോബർ എട്ടിനും പത്തിനും ഹൂതികൾ റിയാദ് വിമാനത്താവളത്തിന് നേരെ ആക്രമണം നടത്തിയിരുന്നു. ഒക്ടോബർ എട്ടിലെ ആക്രമണത്തിൽ മൂന്ന് പേരും രണ്ട് ദിവസത്തിന് ശേഷം നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ അടക്കം 13 പേരും കൊല്ലപ്പെട്ടിരുന്നു. റിയാദ് വിമാനത്താവളം നിലവിൽ പ്രവർത്തിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ദമ്മാം വിമാനത്താവളത്തെ ലക്ഷ്യംവെച്ച് ഹൂതികൾ ആക്രമണം നടത്തുന്നത്. കഴിഞ്ഞയാഴ്ച ദമ്മാമിനെ ലക്ഷ്യം വെച്ച മിസൈലുകളും ഡ്രോണുകളും സൗദി സഖ്യസേന തകർത്തിരുന്നു.
