ഫ്രാൻസ് കത്തുന്നു; പ്രക്ഷോഭവുമായി 8 ലക്ഷം പേർ തെരുവിൽ

0

ലോകത്തെ ഏറ്റവും സമ്പന്നരാജ്യങ്ങളിലൊന്നായ ഫ്രാൻസിൽ വർധിക്കുന്ന ജീവിതച്ചെലവിൽ പ്രതിഷേധിച്ച് സർക്കാർവിരുദ്ധ പ്രക്ഷോഭം കത്തുന്നു. പ്രസിഡന്റ് ഇമ്മാനുവൽ മക്രോ നയിക്കുന്ന സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ അടപടലം പാളിയതോടെ ഫ്രഞ്ച് നഗരങ്ങളാകെ പ്രക്ഷോഭത്തീയിൽ മുങ്ങി. ശനിയാഴ്ച മാത്രം 8 ലക്ഷം പേരാണ് തെരുവിലിറങ്ങിയത്; തലസ്ഥാനമായ പാരീസിൽ മാത്രം 1.10 ലക്ഷം പേർ.

മക്രോ സർക്കാരിന് എവിടെയാണ് പിഴച്ചത്?റഷ്യ-യുക്രെയ്ൻ യുദ്ധം, തൊട്ടുപിന്നാലെ അതിലും രൂക്ഷമായ പശ്ചിമേഷ്യൻ യുദ്ധം – ഇവ രണ്ടുമാണ് പ്രധാനമായും ഫ്രഞ്ച് സമ്പദ്‍വ്യവസ്ഥയെ പിടിച്ചുലച്ചത്. എന്നാൽ, യഥാർഥ വില്ലൻ ഇതല്ല. അതു ഫ്രഞ്ച് സർക്കാരിന്റെ ‘ചെലവുചുരുക്കൽ’ തന്ത്രമാണ്. റഷ്യയ്ക്കുമേൽ ഉപരോധം പ്രഖ്യാപിച്ചതോടെ എണ്ണ (ക്രൂഡോയിൽ), ഗ്യാസ് (എൽഎൻജി, എൽപിജി) എന്നിവ ഇറക്കുമതി ചെയ്യുന്നതിൽ ഫ്രാൻസും ഞെരുക്കം നേരിട്ടു. ഇറാൻ-യുഎസ് യുദ്ധവും തുടങ്ങിയതോടെ സ്ഥിതി കൂടുതൽ വഷളായി.

കൈവിട്ട ഇന്ധനവില∙ ഉദാഹരണത്തിന്, യൂറോപ്പിൽ ഇന്ധനവില ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നായി ഫ്രാൻസ് മാറി. ഡീസൽ വില ലീറ്ററിന് 2.355 യൂറോയാണ്. യൂറോപ്പിലെ ശരാശരി വിലയായ 2.149 യൂറോയേക്കാൾ ഏറെക്കൂടുതൽ.

പൊള്ളുന്ന വിലക്കയറ്റം∙ സെപ്റ്റംബറിൽ പണപ്പെരുപ്പം 3.4 ശതമാനമായി കൂടി. 2024 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയരം. ഓഗസ്റ്റിൽ 2.4 ശതമാനമായിരുന്നു. അതായത്, ജനങ്ങൾ നിത്യേന വാങ്ങുന്ന അവശ്യവസ്തുക്കളുടെ വില കത്തിക്കയറി.

കടിഞ്ഞാണില്ലാത്ത കടം∙ 2025ൽ ഫ്രാൻസിന്റെ പൊതുകടവും ജിഡിപിയും തമ്മിലെ അനുപാതം (ഡെറ്റ് ടു ഡിജിപി റേഷ്യോ) 115 ശതമാനമായിരുന്നു. 2026ൽ ഇത് 120 ശതമാനത്തിലെത്തി. ജനങ്ങളുടെ കടബാധ്യത കുതിച്ചുകയറുന്നുവെന്നതിന്റെ മറ്റൊരു തെളിവ്. ഇന്ത്യയിൽ കേന്ദ്രസർക്കാരിന്റെ കട അനുപാതം 55.6 ശതമാനമാണ്.

You might also like