ബോംബ് ഭീഷണി: ഓസ്ട്രിയൻ എയർലൈൻസിന് അടിയന്തര ലാൻഡിംഗ്

0

സോഫിയ: ഇസ്രായേലിലെ തെൽ അവീവിൽനിന്ന് ഓസ്ട്രിയയിലെ വിയന്നയിലേക്ക് പറക്കുകയായിരുന്ന ഓസ്ട്രിയൻ എയർലൈൻസ് വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ബൾഗേറിയയിൽ അടിയന്തരമായി ഇറക്കി. എയർബസ് എ320 വിഭാഗത്തിൽപ്പെട്ട ഒഎസ് 82 (OS82) വിമാനമാണ് ഞായറാഴ്ച രാത്രി ബൾഗേറിയൻ തലസ്ഥാനമായ സോഫിയയിലെ വാസിൽ ലെവ്‌സ്‌കി വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തത്.

റൊമാനിയൻ അതിർത്തിക്ക് സമീപം പറക്കുന്നതിനിടെയാണ് വിമാനത്തിൽ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് വിമാനം സോഫിയയിലേക്ക് വഴിതിരിച്ചുവിടാൻ തീരുമാനിക്കുകയായിരുന്നു. ബൾഗേറിയൻ വ്യോമസേനയുടെ മിഗ്-29 (MiG-29) യുദ്ധവിമാനത്തിന്റെ അകമ്പടിയോടെയാണ് വിമാനം സോഫിയ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതെന്ന് ബൾഗേറിയൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

ആറ് ജീവനക്കാരും 51 യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ലാൻഡിങ്ങിന് പിന്നാലെ യാത്രക്കാരെയും ജീവനക്കാരെയും പുറത്തിറക്കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വിമാനത്തിൽ സുരക്ഷാ പരിശോധനകൾ പൂർത്തിയായ ശേഷം യാത്രക്കാർക്ക് മറ്റ് വിമാനങ്ങളിൽ യാത്രാസൗകര്യം ഏർപ്പെടുത്തുമെന്ന് ഓസ്ട്രിയൻ എയർലൈൻസ് എഎഫ്പി വാർത്താ ഏജൻസിയോട് പറഞ്ഞു.

You might also like