സൗദിയിലേക്ക് വീണ്ടും ഹൂതി മിസൈലാക്രമണം: നജ്‌റാനില്‍ ആറ് പേര്‍ക്ക് പരിക്ക്

0

റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമാക്കി യമനിലെ ഹൂതി ഭീകരര്‍ വീണ്ടും മിസൈലാക്രമണം നടത്തി. അതിര്‍ത്തി നഗരമായ നജ്‌റാനില്‍ പതിച്ച മിസൈല്‍ അവശിഷ്ടങ്ങള്‍ മൂലം ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കനത്ത നാശനഷ്ടം സംഭവിക്കുകയും ചെയ്തതായി സൗദി സഖ്യസേന സ്ഥിരീകരിച്ചു. പ്രദേശത്ത് സുരക്ഷാ പരിശോധനകളും രക്ഷാപ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.

അതിനിടെ സൗദിയുടെ സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന് രണ്ട് സൈനികര്‍ കൊല്ലപ്പെട്ട സംഭവം മേഖലയില്‍ കൂടുതല്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഹെലികോപ്ടര്‍ വെടിവെച്ചിട്ടതാണെന്ന് ഹൂതികള്‍ അവകാശപ്പെട്ടെങ്കിലും യന്ത്രതകരാറാണ് അപകടത്തിന് കാരണമെന്ന് സഖ്യസേന വക്താവ് വ്യക്തമാക്കി. വടക്കന്‍ യമനില്‍ സൗദി സഖ്യസേന നടത്തിയ തിരിച്ചടിയില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടതായി ഹൂതി വിഭാഗവും ആരോപിച്ചു.

മേഖലയില്‍ സംഘര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ ഈ മാസം 27 വരെ റദ്ദാക്കിയതായി ആകാശ എയര്‍ അറിയിച്ചു. അതിനിടെ സൗദി പ്രതിരോധ മന്ത്രിയും യു.എ.ഇ വൈസ് പ്രസിഡന്റും അബുദാബിയില്‍ കൂടിക്കാഴ്ച നടത്തി മേഖലയിലെ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തി. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാനുള്ള സൗദിയുടെ എല്ലാ പ്രതിരോധ നടപടികള്‍ക്കും ഈജിപ്ത് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്

You might also like