
സൗദിയിലേക്ക് യാത്ര ചെയ്യുമ്പോൾ മരുന്നുകൾ കൊണ്ടുപോകുന്നതിൽ കർശന ജാഗ്രത നിർദേശം
റിയാദ്: സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുമ്പോൾ മരുന്നുകൾ കൊണ്ടുപോകുന്നതിൽ കർശന ജാഗ്രത വേണമെന്ന് അധികൃതരുടെ നിരന്തര മുന്നറിയിപ്പ്. ജിദ്ദ എയർപോർട്ടിൽ മലയാളി നഴ്സിനുണ്ടായ ദുരനുഭവം ഉൾപ്പെടെയുള്ള സംഭവങ്ങൾ വലിയ ആശങ്കയ്ക്ക് ഇടയാക്കിയ പശ്ചാത്തലത്തിൽ, പ്രവാസികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ പരിശോധിക്കാം.
ഡോക്ടറുടെ കുറിപ്പടി നിർബന്ധം: മരുന്നുകൾ കൊണ്ടുവരുമ്പോൾ ഡോക്ടറുടെ കുറിപ്പടി (Prescription) എപ്പോഴും കൈയിൽ കരുതണം. എന്നാൽ കുറിപ്പടിയുണ്ടെന്ന് കരുതി എല്ലാ മരുന്നുകളും സൗദിയിലേക്ക് കൊണ്ടുവരാൻ സാധിക്കില്ല. ചില മരുന്നുകൾക്ക് പ്രത്യേക അനുമതി ആവശ്യമാണ്.
നിരോധിച്ചതും നിയന്ത്രിതവുമായ മരുന്നുകൾ: നിരോധിച്ച മരുന്നുകൾ ഒരു കാരണവശാലും കൊണ്ടുവരാൻ പാടില്ല. നിയന്ത്രണമുള്ള മരുന്നുകളാണെങ്കിൽ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുടെ (SFDA) അനുമതിയും ആവശ്യമായ രേഖകളും വേണം. നാട്ടിൽ സാധാരണയായി ഉപയോഗിക്കുന്ന ചില ചുമമരുന്നുകളിൽ പോലും ‘കോഡീൻ’ (Codeine) അടങ്ങിയിട്ടുണ്ടാകാം. ഇത്തരം മരുന്നുകൾ സൗദി എയർപോർട്ടിൽ വലിയ പരിശോധനയ്ക്കും നിയമനടപടികൾക്കും കാരണമാവാം.
