പാരീസില്‍ വന്‍ വെടിവെപ്പ്: ഒരാള്‍ കൊല്ലപ്പെട്ടു, കുട്ടി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്; അക്രമി പിടിയില്‍

0

പാരീസ്: ഫ്രാന്‍സില്‍ ഭരണവിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തമായി തുടരുന്നതിനിടെ തലസ്ഥാനമായ പാരീസിന് സമീപം വന്‍ വെടിവെപ്പ്. തെക്കുപടിഞ്ഞാറന്‍ പാരീസിലെ ട്രാപ്പസ് നഗരത്തിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 12 വയസുള്ള കുട്ടിയടക്കം നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് 39 കാരനായ അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍ണു പ്രതി പിടിയിലായ വിവരം സ്ഥിരീകരിച്ചു.

വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. കാറിലെത്തിയ അക്രമി വഴിയരികില്‍ കണ്ട ജനങ്ങള്‍ക്ക് നേരെ തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു. പരമാവധി ആളുകളെ അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇയാള്‍ നഗരത്തിലൂടെ കാറോടിച്ച് ആക്രമണം നടത്തിയതെന്ന് ട്രാപ്പസ് മേയര്‍ അലി റബേ വ്യക്തമാക്കി. ഹെല്‍ത്ത് സെന്റര്‍, പെട്രോള്‍ പമ്പ്, റോഡിലുണ്ടായിരുന്ന നിരവധി വാഹനങ്ങള്‍ എന്നിവയ്ക്ക് നേരെയും ഇയാള്‍ വെടിയുതിര്‍ത്തു.

രണ്ടാം ലോകമഹായുദ്ധ കാലത്ത് ഉപയോഗിച്ചിരുന്ന പഴയ സെമി-ഓട്ടോമാറ്റിക് തോക്കാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന് ശേഷം കടന്നുകളയാന്‍ ശ്രമിച്ച പ്രതിയെ ട്രാപ്പസിന് സമീപമുള്ള കൊയ്‌നിയേഴ്‌സ് എന്ന സ്ഥലത്തുവെച്ചാണ് പൊലീസ് വീഴ്ത്തിയത്. അക്രമത്തിന് പിന്നിലെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല. എന്നാല്‍ പരിക്കേറ്റവരില്‍ രണ്ട് പേര്‍ ആഫ്രിക്കന്‍ വംശജരായതിനാല്‍ വംശീയമായ ലക്ഷ്യങ്ങള്‍ ഇതിന് പിന്നിലുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെങ്കിലും ഫ്രഞ്ച് ഇന്റലിജന്‍സിന്റെ ഭീകരവിരുദ്ധ നിരീക്ഷണ പട്ടികയില്‍ ഉള്ളയാളല്ലെന്ന് പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നു

You might also like