
ഇറ്റലിയിൽ സുരക്ഷ ശക്തമാക്കാൻ പുതിയ നടപടികൾ: അക്രമങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കടുത്ത ശിക്ഷകൾ
റോം: ഇറ്റലിയിൽ പൊതുസുരക്ഷ ശക്തമാക്കുന്നതിന്റേയും അക്രമങ്ങൾ കർശനമായി നേരിടുന്നതിന്റേയും ഭാഗമായി പുതിയ സുരക്ഷാ ഉത്തരവുകൾക്ക് ഇറ്റാലിയൻ സർക്കാർ അംഗീകാരം നൽകി. രാജ്യത്തെ വിവിധ നഗരങ്ങളിൽ അടുത്തിടെ ഉണ്ടായ അക്രമസംഭവങ്ങളും പൊതുമുതൽ നശിപ്പിക്കപ്പെടലുകളും കണക്കിലെടുത്താണ് പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ നേതൃത്വത്തിൽ പുതിയ നടപടികൾ പ്രഖ്യാപിച്ചിരിക്കുന്നത്.
പുതിയ ഉത്തരവ് പ്രകാരം, അഞ്ചോ അതിലധികമോ പേരടങ്ങുന്ന സംഘത്തിൽ ചേർന്ന് പ്രതിഷേധത്തിനിടെ കല്ലുകളോ പടക്കങ്ങളോ വടികളോ ഉപയോഗിച്ച് അക്രമം അഴിച്ചുവിടുകയും പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുകയും ചെയ്യുന്നവർക്ക് അഞ്ചുവർഷം വരെ തടവും 20,000 യൂറോ വരെ പിഴയും ലഭിക്കും. മുഖം മറച്ചുകൊണ്ട് അക്രമം നടത്തുകയോ മറ്റുള്ളവർക്ക് പരിക്കേൽപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെ കൂടുതൽ കഠിനമായ ശിക്ഷാ നടപടികൾ ഉണ്ടാകും.
കൂടാതെ, പ്രതിഷേധങ്ങളുടെ മറവിൽ ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ, ട്രാഫിക് സിഗ്നലുകൾ, പോലീസ് വാഹനങ്ങൾ, കടകളുടെ ചില്ലുകൾ, സ്വകാര്യ വാഹനങ്ങൾ തുടങ്ങിയ പൊതു-സ്വകാര്യ മുതലുകൾ നശിപ്പിക്കുന്നവരിൽ നിന്ന് അതിന്റെ നഷ്ടപരിഹാരം പൂർണ്ണമായി ഈടാക്കും. പ്രായപൂർത്തിയാകാത്തവരാണ് നാശനഷ്ടങ്ങൾ വരുത്തുന്നതെങ്കിൽ നിയമപ്രകാരം അവരുടെ മാതാപിതാക്കൾ സാമ്പത്തിക ഉത്തരവാദികളായിരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു
