വിദേശത്ത് നിന്ന് ഫോണ്‍ കൊണ്ടുവരുന്നവര്‍ സൂക്ഷിക്കുക: പെട്ടി പൊട്ടിച്ചാലും രക്ഷയില്ല; കസ്റ്റംസ് പരിശോധന കര്‍ശനമാക്കി

0

കൊച്ചി: വിദേശരാജ്യങ്ങളില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ കൊണ്ടുവരുന്ന യാത്രക്കാര്‍ 2026 ലെ ബാഗേജ് നിയമങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ കസ്റ്റംസിന്റെ പിടിവീഴും. പുതിയ ഫോണ്‍ വാങ്ങി ബോക്സ് മാറ്റി, സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്നതാണെന്ന് വരുത്തിതീര്‍ത്ത് നികുതി വെട്ടിക്കാന്‍ ശ്രമിച്ചാല്‍ വന്‍ തുക തീരുവ അടയ്ക്കേണ്ടി വരുമെന്ന് കസ്റ്റംസ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യാപകമായതോടെയാണ് വിമാനത്താവളങ്ങളില്‍ പരിശോധന ശക്തമാക്കിയത്.

കഴിഞ്ഞ ദിവസം കൊച്ചി വിമാനത്താളത്തില്‍വെച്ച് യാത്രക്കാരനില്‍ നിന്ന് തീരുവ അടയ്ക്കാത്ത ഐഫോണ്‍ പിടിച്ചെടുത്തിരുന്നു. പരിശോധനയില്‍ ഫോണില്‍ സിം കാര്‍ഡ് ഉണ്ടായിരുന്നില്ലെന്നും അത് സ്ഥിരമായി ഉപയോഗിക്കുന്നതല്ലെന്നും കസ്റ്റംസ് കണ്ടെത്തി.

അബുദാബിയില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി അജാസിന്റെ പക്കല്‍ നിന്നാണ് രണ്ട് ഐഫോണുകള്‍ കണ്ടെടുത്തത്. ഇതിലൊന്ന് വ്യക്തിഗത ആവശ്യത്തിന് ഉപയോഗിക്കുന്നതായിരുന്നുവെങ്കിലും രണ്ടാമത്തേത് കവര്‍ മാറ്റിയ പുതിയ ഫോണായിരുന്നു. ഇതിന് ഡ്യൂട്ടി അടയ്ക്കാന്‍ വിസമ്മതിച്ച് തര്‍ക്കമുണ്ടാക്കിയതിനെത്തുടര്‍ന്ന് യാത്രക്കാരനെ പൊലീസിന് കൈമാറുകയും പിന്നീട് ജാമ്യത്തില്‍ വിടുകയുമായിരുന്നു.

2026-ലെ ബാഗേജ് നിയമങ്ങള്‍ അറിയാം

യാത്രയ്ക്കിടയിലോ ദൈനംദിന ജീവിതത്തിലോ ഉപയോഗിക്കാന്‍ ആവശ്യമായ വസ്തുക്കളെയാണ് വ്യക്തിഗത വസ്തുക്കളായി കസ്റ്റംസ് കണക്കാക്കുന്നത്. ദൈനംദിന ആവശ്യങ്ങള്‍ക്കായി നിലവില്‍ ഉപയോഗിച്ച് വരുന്ന വ്യക്തിഗത വസ്തുക്കള്‍ പരിധിയില്ലാതെ തീരുവയില്ലാതെ നാട്ടിലേക്ക് കൊണ്ടുവരാവുന്നതാണ്. പുതിയ പാക്കിങിലുള്ള സാധനങ്ങള്‍ ഒഴികെ, യാത്രക്കാരുടെ കൈവശമുള്ള മറ്റുള്ളവ പുതിയതാണോ എന്ന് പരിശോധിക്കേണ്ടതില്ലെന്ന് നിര്‍ദേശമുണ്ടെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയാല്‍ പരിശോധിക്കാം.

യാത്രക്കാര്‍ കൊണ്ടുവരുന്ന പുതിയ വസ്തുക്കള്‍ക്ക് 75,000 രൂപ വരെ നികുതിയിളവുണ്ട്. എന്നാല്‍ ഇതിലും ഉയര്‍ന്ന മൂല്യമുള്ള വസ്തുക്കള്‍ക്ക് നിയമാനുസൃതമായ തീരുവ നല്‍കണം. വ്യക്തിപരമായ ആവശ്യത്തിനാണെങ്കില്‍ പോലും കൈവശം ഒന്നില്‍ക്കൂടുതല്‍ മൊബൈല്‍ ഫോണുകള്‍ ഉണ്ടെങ്കില്‍ അധികമായി വരുന്ന ഫോണിന് 35 ശതമാനം നികുതി അടയ്ക്കേണ്ടതാണ്. സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന ലാപ്‌ടോപ്പുകള്‍ക്കും ഇതേ നിയമം ബാധകമാണ്. കൂടാതെ എല്‍.ഇ.ഡി ടിവികള്‍ എത്ര ചെറുതാണെങ്കിലും ഉപയോഗിച്ചതാണെങ്കിലും അതിന് നിര്‍ബന്ധമായും നികുതി അടച്ചിരിക്കണം

You might also like