ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന കേസ്: ദാരാ സിങ്ങിന്റെ ജയിൽ മോചന ഹരജി തള്ളി ഒഡീഷ സർക്കാർ
ന്യൂഡൽഹി: ആസ്ത്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ദാരാ സിങ് എന്ന രവീന്ദ്ര കുമാർ പാലിന്റെ ശിക്ഷാ ഇളവ് ഹരജി ഒഡീഷ സർക്കാർ തള്ളി. ആസ്ത്രേലിയൻ മിഷണറിയായിരുന്ന ഗ്രഹാം സ്റ്റെയിൻസ്, മക്കളായ ഫിലിപ്പ്, തിമോത്തി എന്നിവരെയാണ് 1999 ജനുവരിയിൽ ചുട്ടുകൊന്നത്. ആഗസ്റ്റ് 31ന് ചേർന്ന സ്റ്റേറ്റ് സെന്റൻസ് റിവ്യൂ ബോർഡാണ് ഹരജി നിരസിച്ചത്. ഇക്കാര്യം ഒഡീഷ സർക്കാർ ഇന്ന് സുപ്രിംകോടതിയെ അറിയിച്ചു.
ഹരജി തള്ളിയ സാഹചര്യത്തിൽ സുപ്രിംകോടതി കേസ് മൂന്നാഴ്ചത്തേക്ക് മാറ്റി. ജയിൽ മോചന ഹരജി തള്ളിയ ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹരജിയിൽ ആവശ്യമായ ഭേദഗതി വരുത്താൻ ദാരാ സിങ്ങിന് കോടതി അനുമതി നൽകി. ജസ്റ്റിസുമാരായ മനോജ് മിശ്ര, വിജയ് ബിഷ്‌ണോയ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
