സ്വന്തം ഭൂമിയിൽ നിന്ന് 16 സെന്റ് സ്ഥലം പൊതുവഴിക്കായി വിട്ടുനൽകി : പാസ്റ്റർ ജോർജ് എബ്രഹാം
കോന്നി: 45 വർഷത്തിലേറെയായി ഗതാഗത സൗകര്യമില്ലാതെ ബുദ്ധിമുട്ടിയിരുന്ന പത്തോളം കുടുംബങ്ങൾക്ക് വഴിയൊരുക്കുന്നതിനായി സ്വന്തം ഭൂമിയിൽ നിന്ന് 16 സെന്റ് സ്ഥലം പൊതുവഴിക്കായി വിട്ടുനൽകി മുൻ പ്രവാസി വ്യവസായിയും ക്രൈസ്തവ ശുശ്രൂഷകനുമായ പാസ്റ്റർ ജോർജ് എബ്രഹാം (ലാലുച്ചായൻ).
കോന്നി അതിരുങ്കൽ അഞ്ചുമുക്ക് പ്രദേശത്തെ കുടുംബങ്ങളുടെ ദീർഘകാല ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് അദ്ദേഹം സ്വന്തം ഭൂമിയുടെ ഒരു ഭാഗം പൊതുവഴിയാക്കാൻ വിട്ടുനൽകിയത്. വർഷങ്ങളായി വഴിയില്ലാതെ പ്രയാസം നേരിട്ടിരുന്ന കുടുംബങ്ങൾക്ക് ഈ നടപടി വലിയ ആശ്വാസമായി.
ദോഹയിൽ വർഷങ്ങളായി ലെനോ ട്രേഡിങ് എന്ന സ്ഥാപനം നടത്തിയിരുന്ന പാസ്റ്റർ ജോർജ് എബ്രഹാം, ദോഹ ബെഥേൽ ചർച്ച് ഓഫ് ഗോഡിന്റെ സ്ഥാപകനും സീനിയർ പാസ്റ്ററുമായിരുന്നു. നിലവിൽ നാട്ടിൽ ദൈവവേലയോടൊപ്പം സാമൂഹിക സേവന രംഗത്തും സജീവമാണ്.
നിർധനർക്ക് ഭവനനിർമാണ സഹായം നൽകുന്നതും രോഗികൾക്ക് ചികിത്സാ സഹായം നൽകുന്നതും ഉൾപ്പെടെ വിവിധ സാമൂഹിക പ്രവർത്തനങ്ങളിലും അദ്ദേഹം നേരത്തെ പങ്കാളിയായിട്ടുണ്ട്. നന്മകൾ പരസ്യമാക്കുന്നതിൽ താൽപര്യമില്ലാത്ത അദ്ദേഹത്തെ പഞ്ചായത്ത് പ്രസിഡന്റിന്റെയും സാമൂഹിക പ്രവർത്തകരുടെയും നിർബന്ധത്തെ തുടർന്നാണ് ഈ പ്രവർത്തനം മാധ്യമങ്ങളിലൂടെ അറിയിച്ചത്.
