
ഡൽഹിയെ ആവേശത്തിലാഴ്ത്തി ‘ചലോ ദില്ലി റാലി’
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നും എസ്‌ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഇന്‍ഡ്യ സഖ്യം ആഹ്വാനം ചെയ്ത ‘ചലോ ദില്ലി റാലി’ക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങി ഡല്‍ഹിയിലെ രാംലീല മൈതാനം. ഇന്‍ഡ്യ മുന്നണിയുടെ ചെയർമാനും രാജ്യസഭാ എംപിയുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ നിന്ന് രാംലീലയിലേക്കാണ് മാര്‍ച്ച് നടക്കുന്നത്. മിന്റോ റോഡിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് കോണാട്ട് പ്ലേസ് വഴി രാംലീല മൈതാനത്തെത്തും.
മുൻ കോൺഗ്രസ് അധ്യക്ഷയും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധി, മുൻ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി, മുഖ്യമന്ത്രിമാരായ വി.ഡി സതീശൻ, രേവന്ത് റെഡ്‌ഡി, ഡി.കെ ശിവകുമാർ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, സിപിഎം നേതാക്കളായ എം.എ ബേബി, ജോൺ ബ്രിട്ടാസ്, എ.എ റഹീം അടക്കമുള്ള നേതാക്കളും മാർച്ചിൽ പങ്കെടുക്കുന്നുണ്ട്.
ഡല്‍ഹിക്ക് പുറമെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ഇന്‍ഡ്യ സഖ്യത്തിന്റെ മുഖ്യ ഘടകകക്ഷികളായ കോണ്‍ഗ്രസിന്റെയും സമാജ്‌വാദി പാര്‍ട്ടിയുടെയും ഇടതു പാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ റാലിയില്‍ അണിനിരക്കുന്നു. വിദ്യാര്‍ത്ഥി-യുവജന സംഘടനകളായ എന്‍എസ്‌യു, എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, ഐസ, എംഎസ്എഫ് തുടങ്ങിയവരും പ്രതിഷേധത്തിന്റെ ഭാഗമായുണ്ട്.
