ഇസ്രയേല്‍ തൊഴില്‍ തട്ടിപ്പ്: കൊല്ലത്ത് റിക്രൂട്ടിങ് ഏജന്‍സി 7.06 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവ്

0

കൊല്ലം: ഇസ്രയേലില്‍ ആകര്‍ഷകമായ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും വ്യാജ വിമാന ടിക്കറ്റ് നല്‍കി കബളിപ്പിക്കുകയും ചെയ്ത കേസില്‍ റിക്രൂട്ടിങ് ഏജന്‍സിക്കെതിരെ ഉപഭോക്തൃ കമ്മീഷന്റെ നടപടി. പരാതിക്കാരന് 3.70 ലക്ഷം രൂപ ഒന്‍പത് ശതമാനം പലിശ സഹിതം തിരികെ നല്‍കാനും രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനുമാണ് കൊല്ലം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടത്. പലിശ തുക ഉള്‍പ്പെടെ ആകെ 7.06 ലക്ഷം രൂപയാണ് എതിര്‍കക്ഷികളായ റെജി സി വര്‍ക്കി, പ്രീത അലക്‌സ് എന്നിവര്‍ പരാതിക്കാരന് നല്‍കേണ്ടി വരിക.

കൊല്ലം കുരീപ്പുഴ സ്വദേശിയായ ജോസഫ് മാനുവല്‍ നല്‍കിയ പരാതിയിലാണ് എസ്.കെ ശ്രീല, സ്റ്റാന്‍ലി ഹാരോള്‍ഡ് എന്നിവരടങ്ങിയ കമ്മീഷന്‍ ബെഞ്ച് നിര്‍ണായക വിധി പുറപ്പെടുവിച്ചത്.

2022 ലാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. മൂന്ന് മാസം മുതല്‍ ഒരു വര്‍ഷത്തിനകം ഇസ്രയേലില്‍ മികച്ച തൊഴില്‍ തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് എതിര്‍കക്ഷികള്‍ ജോസഫില്‍ നിന്ന് പണം കൈപ്പറ്റിയത്. വിസാ പ്രോസസിങ്, ഡൊക്യുമെന്റേഷന്‍, വിമാനയാത്ര എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും തങ്ങളുടെ മേല്‍നോട്ടത്തില്‍ കൃത്യമായി ചെയ്യുമെന്നായിരുന്നു ഏജന്‍സിയുടെ വാഗ്ദാനം. വിദേശത്ത് മികച്ചൊരു ജോലി സ്വപ്നം കണ്ട ദിവസ വേതനക്കാരനായ ജോസഫ് പലപ്പോഴായി 3.7 ലക്ഷം രൂപ ഇവര്‍ക്ക് കൈമാറുകയായിരുന്നു

You might also like