
മലയാളിപ്പെരുമ വാനോളം: ബഹിരാകാശത്തേക്ക് ചിറകുയര്‍ത്തി ഡോ. അനില്‍ മേനോന്‍; ഇന്ന് ചരിത്ര നിമിഷം
വാഷിങ്ടണ്‍: ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് അഭിമാനത്തിന്റെ പുതിയൊരധ്യായം കുറിച്ച് ഡോ. അനില്‍ മേനോന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുന്നു. ബഹിരാകാശത്തേക്ക് കുതിക്കുന്ന ആദ്യ മലയാളി എന്ന ചരിത്ര റെക്കോര്‍ഡാണ് നാസയുടെ ഈ ശാസ്ത്രജ്ഞനെ കാത്തിരിക്കുന്നത്. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസിന്റെ സോയൂസ് എം.എസ്-29 പേടകത്തിലാണ് അദേഹത്തിന്റെ യാത്ര.
ഖസാക്കിസ്ഥാനിലെ ബൈക്കനൂര്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാത്രി 8:17 ന് സോയൂസ് 2.1എ റോക്കറ്റ് ഉപയോഗിച്ചാണ് പേടകം വിക്ഷേപിക്കുക. റഷ്യന്‍ ബഹിരാകാശ സഞ്ചാരികളായ പ്യോത്ര് ദുബ്രോവ്, അന്ന കികിന എന്നിവരും അനില്‍ മേനോനൊപ്പം ഈ ദൗത്യത്തിലുണ്ട്. എട്ട് മാസം നീണ്ടുനില്‍ക്കുന്ന ദൗത്യത്തില്‍ ഇവര്‍ വിവിധ ശാസ്ത്ര പരീക്ഷണങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമായി സമയം ചെലവഴിക്കും.
49 കാരനായ അനില്‍ മേനോന്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ഡോക്ടറും യു.എസ് ബഹിരാകാശ സേനയിലെ കേണലുമാണ്. അമേരിക്കയിലെ മിനിയാപോളിസില്‍ ജനിച്ച അദേഹത്തിന്റെ പിതാവ് ശങ്കരന്‍ മേനോന്‍ പാലക്കാട് ഒറ്റപ്പാലം സ്വദേശിയും മാതാവ് എലിസബത്ത് ഉക്രെയ്ന്‍ സ്വദേശിനിയുമാണ്.
2021 ഡിസംബറിലാണ് നാസ അനിലിനെ ബഹിരാകാശ ദൗത്യത്തിനായി തിരഞ്ഞെടുത്തത്. തുടര്‍ന്ന് രണ്ട് വര്‍ഷത്തെ കഠിനമായ പരിശീലനം പൂര്‍ത്തിയാക്കി. സ്‌പേസ് എക്‌സ് ജീവനക്കാരിയും ബഹിരാകാശ യാത്രികയുമായ അന്നാ മേനോനാണ് ഭാര്യ. ജെയിംസ്, ഗ്രേസ് എന്നിവരാണ് മക്കള്‍
