
യു.എ.ഇ കപ്പലുകള്‍ക്ക് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം: ഒരു ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു
ദുബായ്: പശ്ചിമേഷ്യയില്‍ യുദ്ധ ഭീതിയും സൈനിക സംഘര്‍ഷവും വീണ്ടും ശക്തമാകുന്നു. ഹോര്‍മുസിലൂടെ സഞ്ചരിക്കുകയായിരുന്ന രണ്ട് യു.എ.ഇ എണ്ണ ടാങ്കറുകള്‍ക്ക് നേരെ ഇറാന്‍ നടത്തിയ മിസൈലാക്രമണത്തില്‍ ഒരു ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ആറ് പേര്‍ ഇന്ത്യക്കാരും രണ്ട് പേര്‍ ഉക്രെയ്ന്‍ സ്വദേശികളുമാണ്. ഇതില്‍ നാല് ഇന്ത്യക്കാരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
ഒമാന്‍ സമുദ്ര അതിര്‍ത്തിക്കുള്ളിലെ സതേണ്‍ ഷിപ്പിങ് ലൈന്‍ വഴി കടന്ന് പോകുകയായിരുന്ന മംബാസ, അല്‍ ബാഹിയ എന്നി ടാങ്കറുകള്‍ക്ക് നേരെയാണ് ഇറാന്‍ പ്രതിരോധ സേനയുടെ ക്രൂയിസ് മിസൈലുകള്‍ പതിച്ചത്. മിസൈലാക്രമണത്തെ തുടര്‍ന്ന് ഇരു കപ്പലുകളിലും വന്‍ തീപിടിത്തമുണ്ടാവുകയായിരുന്നു. മംബാസ എന്ന കപ്പലില്‍ സേവനമനുഷ്ഠിച്ചിരുന്ന ഇന്ത്യന്‍ പൗരനാണ് ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്.
യു.എ.ഇ പ്രതിരോധ മന്ത്രാലയം സംഭവത്തെ ശക്തമായി അപലപിക്കുകയും രാജ്യാന്തര സമുദ്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് ഇറാന്‍ നടത്തിയതെന്ന് ആരോപിക്കുകയും ചെയ്തു. തങ്ങളുടെ പൗരന്മാരുടെയും പ്രദേശങ്ങളുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഏത് തരത്തിലുള്ള തിരിച്ചടിക്കും യു.എ.ഇക്ക് പൂര്‍ണ അവകാശമുണ്ടെന്ന് വ്യക്തമാക്കിയ മന്ത്രാലയം, നിലവില്‍ പ്രതിരോധ സേനയെ പൂര്‍ണ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ടെന്നും അറിയിച്ചിട്ടുണ്ട്
