
കണ്മണി പിറന്ന ആഹ്ളാദം മണിക്കൂറുകള് മാത്രം; പ്രസവത്തിന് പിന്നാലെ മലയാളി നഴ്സ് യു.കെയില് കുഴഞ്ഞുവീണ് മരിച്ചു
ലണ്ടന്/പാലക്കാട്: നാലാമത്തെ കുഞ്ഞിന് ജന്മം നല്കിയ സന്തോഷത്തിനിടെ യു.കെ മലയാളി സമൂഹത്തെയാകെ കണ്ണീരിലാഴ്ത്തി യുവ നഴ്സിന്റെ അപ്രതീക്ഷിത വിയോഗം. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിനിയും ബോസ്റ്റണ് പില്ഗ്രിം എന്എച്ച്എസ് ആശുപത്രിയിലെ നഴ്സുമായ ചിഞ്ചു മമ്പള്ളില് തോമസ് (34) ആണ് പ്രസവത്തിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചത്. പാലക്കാട് കാരകുറുശി സ്വദേശി എമില് ജോസ് ആണ് ഭര്ത്താവ്.
യു.കെയില് നാല് വര്ഷമായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന ചിഞ്ചുവും കുടുംബവും സ്വന്തമായി വീടെന്ന സ്വപ്നമടക്കം സാക്ഷാത്കരിച്ച് ജീവിതത്തില് സന്തോഷകരമായ നാളുകളിലൂടെ കടന്നുപോകവേയാണ് അപ്രതീക്ഷിതമായി ദുരന്തം തേടിയെത്തിയത്. നാലാമത്തെ കുഞ്ഞിന്റെ പ്രസവത്തിനായി ജൂലൈ ആറിനാണ് ചിഞ്ചുവിനെ ആശുപത്രിയില് പ്രവേശിപ്പിച്ചത്. തുടര്ന്ന് ജൂലൈ ഏഴിന് ഉച്ചയ്ക്ക് നോര്മല്പ്രസവത്തിലൂടെ ആരോഗ്യവതിയായ പെണ്കുഞ്ഞിന് ജന്മം നല്കുകയും ചെയ്തു.
അമ്മയ്ക്കും കുഞ്ഞിനും മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തി ജൂലൈ എട്ട് ബുധനാഴ്ച വൈകുന്നേരത്തോടെ ആശുപത്രി അധികൃതര് ഇരുവരെയും ഡിസ്ചാര്ജ് ചെയ്ത് വീട്ടിലേക്ക് അയച്ചിരുന്നു. എന്നാല് വീട്ടിലെത്തി മണിക്കൂറുകള്ക്കകം ചിഞ്ചുവിന് കടുത്ത ശാരീരിക അസ്വസ്ഥതകള് അനുഭവപ്പെടുകയും തുടര്ന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടന് തന്നെ വീണ്ടും ആശുപത്രിയില് എത്തിച്ച് അടിയന്തര ചികിത്സ നല്കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. വ്യാഴാഴ്ച പുലര്ച്ചെ 12:20 ന് ചിഞ്ചു മരണപ്പെടുകയായിരുന്നു.
എട്ട് വയസുള്ള മകളും ആറും മൂന്നും വയസുള്ള രണ്ട് ആണ്മക്കളും നവ ജാതശിശുവും അടങ്ങുന്ന നാല് പിഞ്ചുമക്കളെ തനിച്ചാക്കിയാണ് ചിഞ്ചു മടങ്ങിയത്. പ്രസവ ശുശ്രൂഷകള്ക്കായി ചിഞ്ചുവിന്റെ മാതാപിതാക്കളായ തോമസും റോസമ്മയും യു.കെയില് എത്തിയിരുന്നു. വിയോഗത്തിന്റെ ആഘാതത്തിലും കുഞ്ഞുങ്ങള്ക്ക് തണലാകേണ്ട വലിയ ഉത്തരവാദിത്തമാണ് ഇപ്പോള് ഈ മാതാപിതാക്കള്ക്കും ഭര്ത്താവ് എമിലിനും മുന്നിലുള്ളത്.
മേഖലയിലെ സിറോ-മലബാര് സഭയുടെയും മലയാളി കൂട്ടായ്മകളുടെയും സജീവ സാന്നിധ്യമായിരുന്ന കുടുംബത്തിന് താങ്ങായി യു.കെയിലെ മലയാളി സമൂഹവും സുഹൃത്തുക്കളും ഒപ്പമുണ്ട്. മരണകാരണം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണത്തിനും തുടര്നടപടികള്ക്കുമായി കുടുംബം കാത്തിരിക്കുകയാണ്
