വിസ ഇളവ് കാലാവധി അവസാനിച്ചു; യുഎഇയിലെ പ്രവാസികളും സന്ദര്‍ശകരും ജാഗ്രത പാലിക്കണം

0

ദുബായ്: വിമാന സര്‍വീസുകള്‍ തടസപ്പെട്ടതിനെ തുടര്‍ന്ന് യുഎഇയില്‍ കുടുങ്ങിപ്പോയ വിദേശികള്‍ക്ക് രാജ്യം പ്രഖ്യാപിച്ച 30 ദിവസത്തെ പ്രത്യേക വിസ ഇളവ് കാലാവധി അവസാനിച്ചു. നിശ്ചിത സമയത്തിനകം രാജ്യം വിടാന്‍ സാധിക്കാതെ വന്ന സന്ദര്‍ശകര്‍ക്കും വിസാ കാലാവധി കഴിഞ്ഞവര്‍ക്കുമായി അനുവദിച്ചിരുന്ന താല്‍കാലിക ആശ്വാസ നടപടികളാണ് ഇതോടെ അവസാനിച്ചത്.

ഇളവ് പ്രയോജനപ്പെടുത്തി ഇനിയും വിസാ നടപടികള്‍ പൂര്‍ത്തിയാക്കാത്തവര്‍ ഇനി മുതല്‍ കടുത്ത നിയമ നടപടികളും പിഴയും നേരിടേണ്ടി വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

മേഖലയിലെ അപ്രതീക്ഷിത സംഘര്‍ഷങ്ങളെ തുടര്‍ന്ന് വ്യോമാതിര്‍ത്തികള്‍ അടയ്ക്കുകയും വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കുകയും ചെയ്ത സാഹചര്യത്തിലാണ് യാത്രക്കാര്‍ക്കായി യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) ജൂണില്‍ പ്രത്യേക ഇളവ് പ്രഖ്യാപിച്ചത്. പ്രതിസന്ധിയിലായ യാത്രികര്‍ക്ക് വലിയ ആശ്വാസമേകി മാനുഷിക പരിഗണന മുന്‍നിര്‍ത്തിയായിരുന്നു അന്ന് വിസ കാലാവധി കഴിഞ്ഞവര്‍ക്കുള്ള പിഴ യുഎഇ ഒഴിവാക്കി നല്‍കിയത്.

നിയമപരമായ പിഴകളില്‍ നിന്നും മറ്റ് തുടര്‍ നടപടികളില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ബാധകമായ വ്യക്തികള്‍ എത്രയും വേഗം തങ്ങളുടെ വിസ പദവി നിയമവിധേയമാക്കുകയോ അല്ലെങ്കില്‍ രാജ്യം വിടാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയോ ചെയ്യണമെന്ന് യുഎഇ അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമയപരിധി കഴിഞ്ഞതിനാല്‍ നിയമ ലംഘകര്‍ക്ക് എതിരെ കര്‍ശനമായ നിരീക്ഷണവും പിഴ ഈടാക്കലും ഉടനടി പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്

You might also like