
വിയറ്റ്നാമിലെ ബോട്ട് അപകടം; മരിച്ചവരിൽ കൊട്ടാരക്കര സ്വദേശികളും,
വിയറ്റ്‌നാമിലെ ബോട്ട് അപകടത്തിൽ മരിച്ചവരിൽ രണ്ട് മലയാളികളും. കൊട്ടാരക്കര സ്വദേശികളായ എ സി തോമസ് (57), ഭാര്യ ലോവേനി തോമസ് (56) എന്നിവരാണ് മരിച്ചത്. 15 ഇന്ത്യൻ വിനോദ സഞ്ചാരികളാണ് അപകടത്തിൽ ആകെ മരിച്ചത്. 32 വിനോദ സഞ്ചാരികളും നാല് ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്. ഇതിൽ 21 പേരെ രക്ഷപ്പെടുത്തിയിരുന്നു. കടൽ പ്രക്ഷുബ്ധമായതിനെ തുടർന്ന് നിയന്ത്രണം വിട്ട സ്പീഡ് ബോട്ട് കരയിൽ നിന്ന് ഏകദേശം 400 മീറ്റർ അകലെ വെച്ച് കീഴ്മേൽ മറിയുകയായിരുന്നു.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. ദുരന്തത്തിൽപ്പെട്ടവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി. ഹാനോയിയിലെ ഇന്ത്യൻ എംബസിയും ഹോ ചി മിൻ സിറ്റിയിലെ കോൺസുലേറ്റും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. സഹായങ്ങൾക്കായി പ്രത്യേക ഹെൽപ്പ് ലൈൻ നമ്പരുകളും എംബസി പുറത്തുവിട്ടിട്ടുണ്ട്. ഹോ ചി മിൻ സിറ്റിയിലെ കൺട്രോൾ റൂമുമായി 84-36-281-7930, 84-91-552-3714, 84-33-452-0414 എന്നീ നമ്പരുകളിലും ഹാനോയിയിലെ എംബസിയുമായി 84-91-308-9165 എന്ന നമ്പരിലും ബന്ധപ്പെടാം. വിയറ്റ്നാം അധികൃതരുമായി സഹകരിച്ച് തിരച്ചിലും മറ്റുനടപടികളും ഊർജിതമായി തുടരുകയാണെന്ന് ഇന്ത്യൻ മിഷൻ അറിയിച്ചു.
