ദക്ഷിണേന്ത്യന്‍ അതിര്‍ത്തികളില്‍ ലഹരിവേട്ട ശക്തമാക്കാന്‍ പുതിയ സഖ്യം: കേരളത്തിന്റെ നേതൃത്വത്തില്‍ വന്‍ സന്നാഹം

0

തിരുവനന്തപുരം: രാജ്യത്ത് പടരുന്ന ലഹരി മാഫിയക്കെതിരെയുള്ള പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി കേരളം ഉള്‍പ്പെടെ അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ സംയുക്തമായി സ്ഥിരം ഏകോപന സംവിധാനം രൂപീകരിക്കുന്നു. സംസ്ഥാനങ്ങള്‍ തമ്മിലുള്ള ലഹരിക്കടത്ത് തടയുന്നതിനായി ഓരോ സംസ്ഥാനത്തും എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥരെ നോഡല്‍ ഓഫീസര്‍മാരായി നിയമിക്കാന്‍ തീരുമാനിച്ചതായി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.

കേന്ദ്ര ഏജന്‍സികളായ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, റവന്യൂ ഇന്റലിജന്‍സ്, കസ്റ്റംസ്, ആര്‍.പി.എഫ് എന്നിവയുമായി തത്സമയ വിവരങ്ങള്‍ കൈമാറുന്നതിനും സംയുക്ത പരിശോധനകള്‍ നടത്തുന്നതിനും പ്രത്യേക സംവിധാനമുണ്ടാകും. തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് ചേര്‍ന്ന ദക്ഷിണേന്ത്യന്‍ പൊലീസ് മേധാവിമാരുടെ ഏകോപന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം. തുടര്‍നടപടികളുടെ ഭാഗമായി കര്‍ണാടക ആഭ്യന്തരമന്ത്രി ഉടന്‍ കേരളം സന്ദര്‍ശിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ ജില്ലാതല ലഹരി വിരുദ്ധ സ്‌ക്വാഡായ ഡാന്‍സാഫ് കൂടുതല്‍ ശക്തിപ്പെടുത്താനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ലഹരിക്കേസുകളുടെ വിചാരണ വേഗത്തിലാക്കാന്‍ തിരുവനന്തപുരത്തും എറണാകുളത്തും പുതിയ എന്‍.ഡി.പി.എസ് പ്രത്യേക കോടതികള്‍ ഉടന്‍ നിലവില്‍ വരും. ഇതുകൂടാതെ കേന്ദ്ര നിര്‍ദേശ പ്രകാരമുള്ള മറ്റ് പത്ത് കോടതികള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ വേഗത്തിലാക്കും.

ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളും കൊറിയര്‍ സര്‍വീസുകളും കേന്ദ്രീകരിച്ച് നടക്കുന്ന പുതിയ കാലത്തെ ലഹരിക്കടത്ത് തടയാന്‍ പ്രത്യേക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തും. കൃത്യമായ കുറിപ്പടിയില്ലാതെ മെഡിക്കല്‍ സ്റ്റോറുകള്‍ വഴി മരുന്നുകള്‍ വില്‍ക്കുന്നത് തടയാന്‍ ആരോഗ്യവകുപ്പും പൊലീസും സംയുക്തമായി കര്‍ശന പരിശോധനകള്‍ നടത്തും

You might also like