
“ഞാന്‍ ക്രിസ്തുവിന്റെ പോരാളി”; പ്രമുഖ യുഎസ് ടെലിവിഷന്‍ അവതാരക പേജ് ടര്‍ണര്‍
ഹൂസ്റ്റണ്‍: ക്രിസ്തുവിലുള്ള തന്റെ ആഴമേറിയ വിശ്വാസം തുറന്നുപറഞ്ഞുക്കൊണ്ട് അമേരിക്കയിലെ പ്രശസ്തമായ എച്ച്.ജി ടിവിയുടെ ‘ഫിക്സ് മൈ ഫ്ലിപ്പ്’ പരിപാടിയുടെ അവതാരക പേജ് ടര്‍ണര്‍. സി.ബി.എന്നിന്റെ ‘ഫെയിത്ത് വയര്‍’ എന്ന പരിപാടിയിലാണ് ടര്‍ണര്‍ തന്റെ ക്രിസ്തുവിശ്വാസം പരസ്യമാക്കിയത്. ഞാന്‍ ക്രിസ്തുവിന്റെ ഒരു പോരാളിയാണെന്ന് ആളുകള്‍ക്കറിയാം. ചിലപ്പോള്‍ താന്‍ തളരുകയും, ഈ പോരാട്ടം മുന്നോട്ട് കൊണ്ടുപോകുവാന്‍ കഴിയില്ലെന്നും, തനിക്കു ഒരു വിശ്രമം ആവശ്യമാണെന്ന് തോന്നുകയും ചെയ്യും. എന്നാല്‍ എന്റെ വിശ്വാസം വെല്ലുവിളിക്കപ്പെടുന്നില്ല. ഈ മതനിരപേക്ഷ ലോകത്ത് നമ്മളെ നയിക്കുന്ന ആത്മാവിനെപ്പോലെ നമ്മുടെ ക്രൈസ്തവ വിശ്വാസം എല്ലാത്തിനും മുകളിലായിരിക്കണമെന്നും പേജ് ടര്‍ണര്‍ പറഞ്ഞു.
തെക്കന്‍ കാലിഫോര്‍ണിയയില്‍ ജനിച്ചു വളര്‍ന്ന ടര്‍ണറുടെ അമ്മ ഒരു അവിശ്വാസിയായിരുന്നു. ടര്‍ണറിന് 19 വയസ്സുള്ളപ്പോഴാണ് അവളുടെ ഒരു അടുത്ത സുഹൃത്ത് അവളെ ദേവാലയത്തിലേക്ക് ക്ഷണിക്കുന്നത്. തുടര്‍ച്ചയായ മൂന്ന്‍ വെള്ളിയാഴ്ച രാത്രികളില്‍ താന്‍ പള്ളിയില്‍ പോയെന്നും മൂന്നാമത്തെ വെള്ളിയാഴ്ച രാത്രി തന്നെത്തന്നെ ദൈവത്തിന് സമര്‍പ്പിക്കുകയായിരിന്നുവെന്നും ദേവാലയത്തില്‍വെച്ച് ആന്തരിക സമാധാനം അനുഭവിക്കുവാന്‍ കഴിഞ്ഞുവെന്നും ടര്‍ണര്‍ സാക്ഷ്യപ്പെടുത്തി.
ദൈവവുമായി അടുത്തതിന് ശേഷം ഞാന്‍ പിന്നീടൊരിക്കലും ദൈവത്തില്‍ നിന്നും അകന്നിട്ടില്ല. തന്റെ ഷോ ഒരു പ്രേഷിത പ്രവര്‍ത്തനം തന്നെയാണെന്നാണ് ടര്‍ണര്‍ പറയുന്നത്. ഫിക്സ് മൈ ഫ്ലിപ്പിന്റെ രണ്ടാം സീസണിലെ ആദ്യ എപ്പിസോഡ് ജുവാന്‍, അലീസണ്‍ എന്ന് പേരായ അപ്പനും മകള്‍ക്കും ഒപ്പമായിരുന്നു. ജീവിത സംഘര്‍ഷം നിമിത്തം ദേഷ്യത്തിലായ അലിസണെ താന്‍ ആശ്വസിപ്പിച്ചതും, അവസാനം പ്രാര്‍ത്ഥിച്ചതിനെക്കുറിച്ചും ടര്‍ണര്‍ അഭിമുഖത്തില്‍ വിവരിച്ചു. നമ്മുടെ ക്രൈസ്തവ വിശ്വാസം എല്ലാത്തിനും മുകളിലായിരിക്കണമെന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് ടര്‍ണര്‍ തന്റെ അഭിമുഖം അവസാനിപ്പിച്ചത്.