വർഷം 1989 ഒരു ഫെബ്രുവരി മാസ സന്ധ്യ, എന്റെ ധൃതി പിടിച്ചുള്ള നടത്തം ചെന്ന് അവസാനിച്ചത്, മാവേലിക്കരയിലെ ഒരു മൈതാനത്തിൽ ആണ്. ഉദ്ദേശം വ്യക്തമാണ്…ചെറുപ്പം മുതൽ കേട്ടു വളർന്ന, മനസിൽ പതിഞ്ഞ ഭക്തിഗാന ഗായകരെയും അതിന്റെ നെടുംതൂണായ ഭക്തൻ അങ്കിളിനെയും കാണുക.
Heart Beats സ്വർഗീയ നാദം പൊഴിക്കുന്ന ആയിരങ്ങളെ ക്രിസ്തുവിലേക്കും പതിനായിരങ്ങളിൽ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും വിത്തു പാകിയ ക്രിസ്തീയ സംഗീത വിഭാഗം. അന്ന് ആ സന്ധ്യയിൽ ദൂരെ നിന്നു കൊണ്ട് ആ സ്വർഗീയ സംഗീതസന്ധ്യയിൽ സംഗീതത്തിൽ ലയിച്ചങ്ങനെ നിന്നു. ഇന്നും ആ പാട്ടും താളവും കണ്ണിന്റെ മുൻപിൽ തെളിമയോടെ വന്നു നിൽക്കുന്നു.
വർഷം 1999, സ്ഥലം ബാംഗ്ലൂർ. ഈ നഗരത്തിൽ വന്നത് മുതൽ ദൈവത്തിൽ നിന്നും ലഭിച്ച വലിയൊരു അനുഗ്രഹമാണ് പ്രിയപ്പെട്ട ഭക്തൻ അങ്കിളുമായി കൂടുതൽ അടുത്തു സഹകരിക്കുവാനും സംഗീത വേദികളിൽ ഒരുമിച്ചു പങ്കിടുവാനും സാധിച്ചു എന്നുള്ളത്. പണ്ടു കേട്ടു ശീലിച്ച അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പാട്ടുകൾക്ക് ഞാൻ ഡ്രം വായിച്ചപ്പോൾ എന്റെ സ്വപ്ന സാക്ഷാൽക്കാരം കൂടി ആയിമാറി. 2017 ൽ ഞങ്ങൾ തുടങ്ങിയ Salt Band ന്റെ പ്രവർത്തനങ്ങളിൽ മുൻനിരയിൽ നിന്നു കൊണ്ടു സഹകരിച്ചത് അദ്ദേഹത്തിന് ദൈവം ദാനം ചെയ്ത് രണ്ടു മക്കൾ, (ബിബിൻ, ബെൻജി) ആയിരുന്നു എന്നുള്ളത് ഞാൻ വളരെ നന്ദിയോടെ ഓർക്കുന്നു. ഭക്തൻ അങ്കിൾ തുടങ്ങിവെച്ച ആത്മീക കൂട്ടായ്മ ആയ Pentcost Banglore ന്റെ ഭാഗം ആകുവാനും നിരവധി ഇടങ്ങളിൽ അദ്ദേഹത്തോടൊപ്പം വേദികൾ പങ്കിടുവാനും കർത്താവ് എനിക്ക് അവസരം നൽകി. എന്റെ സംഗീത യാത്രയിൽ അദ്ദേഹത്തിന്റെ ഉപദേശങ്ങളും സ്നേഹവും കൂട്ടായ്മയും എന്നിലെ കലാകാരനെ വളർത്തുവാൻ, കൂടുതൽ ചിട്ടപ്പെടുത്തി എടുക്കുവാൻ സഹായിച്ചു എന്നുള്ളത് ഞാൻ എപ്പോഴും കർത്താവിൽ നന്ദിയോടെ ഓർക്കുന്നു. എന്റെ കുടുംബത്തോടും ഭക്തൻ അങ്കിളിനു വളരെയേറെ സ്നേഹവും കരുതലും ഉണ്ടായിരുന്നു.
ഭക്തൻ അങ്കിളിന്റെ വേർപാട് ക്രൈസ്തവ സംഗീത കൈരളിക്ക് എന്നും ഒരു തീരാനഷ്ടമാണ്. അത് എന്നെയും ഒരുപാട് സങ്കടപ്പെടുത്തുന്നു. അദ്ദേഹത്തിൽ നിന്നും കണ്ടും കേട്ടും പഠിച്ച കാര്യങ്ങൾ എന്റെ ക്രിസ്തീയ ജീവിതതിനു കൂടുതൽ മികവേകി. എന്നെന്നും കാത്തു സൂക്ഷിക്കുവാൻ നല്ലൊരു പിടി ഓർമ്മകൾ സമ്മാനിച്ചാണ് ആ സ്വർഗ്ഗീയ നാദം യാത്രയാകുന്നത്.
ഭക്തൻ അങ്കിളിന്റെ അവസാന യാത്ര നേരിട്ട് വന്നു കാണുവാൻ ഉള്ള ആഗ്രഹം മനസിൽ ഒതുക്കി ആ പൊൻപുലരിയിൽ വീണ്ടും കാണാം എന്ന പ്രത്യാശയോടെ വിട ചൊല്ലുന്നു. ബീന ആന്റിയെയും കുഞ്ഞുങ്ങളെയും കർത്താവ് അശ്വസിപ്പിക്കട്ടെ.
റോയി പീറ്റർ