കുട്ടികളില്ലാത്തത് ശാപമോ?

0

“മക്കൾ, യഹോവ നല്കുന്ന അവകാശവും ഉദരഫലം, അവൻ തരുന്ന പ്രതിഫലവും തന്നേ.” (സങ്കീർത്തനം 127:3). എന്നാൽ നമുക്ക് മനസ്സിലാക്കാൻ കഴിയാത്ത കാരണങ്ങളാൽ, നിരവധി ദൈവഭക്തരായ ദമ്പതികൾക്ക് കുട്ടികളില്ല.

അന്ധനായി ജനിച്ച ഒരു മനുഷ്യനെ കണ്ടപ്പോൾ ശിഷ്യന്മാർ യേശുവിനോട് ചോദിച്ചു, “ആരാണ് പാപം ചെയ്തത്, ഇവനോ അതോ അവന്റെ മാതാപിതാക്കളോ?” യേശു മറുപടി പറഞ്ഞു, “ഇയാളോ അവന്റെ മാതാപിതാക്കളോ പാപം ചെയ്തിട്ടില്ല, ദൈവത്തിന്റെ പ്രവൃത്തികൾ അവനിൽ വെളിപ്പെടേണ്ടതിനാണ്” (യോഹന്നാൻ 9:1-3). കുട്ടികളില്ലാത്ത ദമ്പതികൾ സ്വയം കുറ്റപ്പെടുത്തരുത്. അന്ധതയോ ബധിരതയോ പോലെയുള്ള ശാരീരിക വൈകല്യമാണ് വന്ധ്യത.

ബൈബിളിലെ വന്ധ്യതയുടെ സംഭവങ്ങളിലെ ആധിക്യം കുട്ടികളില്ലാത്തവരെ ധൈര്യപ്പെടുത്തുന്നതാണ്. ദൈവം വിളിച്ചപ്പോൾ അബ്രഹാമിന് കുട്ടികളില്ലായിരുന്നു. ദൈവം ഒരു മകനെ നൽകുന്നതുവരെ അവൻ ശാപത്തിലായിരുന്നുവെന്ന് വേദപുസ്തകത്തിൽ എവിടെയും സൂചിപ്പിച്ചിട്ടില്ല. യിസഹാക്ക് ദൈവാനുഗ്രഹമുള്ള ഒരു മനുഷ്യനായിരുന്നു, എന്നാൽ ഇരുപത് വർഷമായി തനിക്ക് കുട്ടികൾ ഇല്ലായിരുന്നു (ഉൽപത്തി 25:11,20,26).

കുട്ടികളില്ലാത്ത ദമ്പതികൾ നിരാശരാകാതെ സാഹചര്യത്തെ ക്രിയാത്മകമായി കൈകാര്യം ചെയ്യണം. അബ്രഹാമിനെയും സാറയെയും പോലെ വിശ്വസിക്കുന്നത് തുടരുക (റോമർ 4:19-21; എബ്രാ. 11:11). റാഹേലിനെയും (ഉല്പത്തി 30:22) ഹന്നയെയും (1ശമു 1:15) പോലെ പ്രാർത്ഥിക്കുന്നതിൽ തുടരുക. സെഖർയ്യാവിനേയും എലിസബത്തിനെയും പോലെ ദൈവത്തോടൊപ്പം നടക്കുകയും അവിടുത്തെ സേവിക്കുകയും ചെയ്യുക (ലൂക്കാ 1:6-8). കർത്താവ് തക്കസമയത്ത് തന്റേതായ രീതിയിൽ തന്റെ വാഗ്ദത്തങ്ങൾ ഉത്തമമായി തീർക്കും.

ഭാര്യയും ഭർത്താവും വൈദ്യപരിശോധന നടത്തണം. എന്നാൽ പരിശോധനക്ക് മുമ്പ്, ഒരാൾ മറ്റൊരാളെ കുറ്റപ്പെടുത്തില്ലെന്ന് ഉറപ്പാക്കണം. വൈകല്യം ഭാര്യയിലാണെങ്കിൽ, ഭർത്താവ് എൽക്കാനയെപ്പോലെ അവളിൽ അധിക സ്നേഹം ചൊരിയണം (1ശമു 1:5). പ്രശ്‌നം ഭർത്താവിന്റേതാണെങ്കിൽ, ഭാര്യ അവനോടുള്ള ബഹുമാനം ഒന്നുകൂടി ഉറപ്പിക്കണം. കോപത്തിനും കയ്‌പ്പിനും ഇടം കൊടുക്കാതെ എല്ലാം പ്രാർത്ഥനയിൽ ദൈവത്തിങ്കലേക്കു ഉയർത്തുക (ഉൽപത്തി 30:1,2; 1ശാമു 1:10).

ദത്തെടുക്കുന്നതിൽ ഭാര്യാഭർത്താക്കന്മാർക്ക് യോജിക്കാൻ കഴിയുന്നില്ലെങ്കിൽ, അവർക്ക് ദൈവിക കാര്യങ്ങൾക്കായി കൂടുതൽ സമയം നൽകാനും ആത്മീയ മക്കളെ ജനിപ്പിക്കാനും കഴിയട്ടെ (യെശ. 54:1,4; ഗലാ. 4:27). “മച്ചികളും പ്രസവിക്കാത്ത ഉദരങ്ങളും കുടിപ്പിക്കാത്ത മുലകളും ഭാഗ്യമുള്ളവ എന്നു പറയുന്ന കാലം വരുന്നു.” (ലൂക്കോസ് 23:29).

പാസ്റ്റർ വെസ്ലി ജോസഫ്‌

You might also like