സ്തുതിയും ആരാധനയും ആത്മീയതയുടെ അടയാളമോ ?

0

ഇത് സ്തുതിയുടെയും ആരാധനയുടെയും പുനഃസ്ഥാപന ദിനങ്ങളാണ്. പുതിയ പാട്ടുകളും കോറസുകളും ചിട്ടപ്പെടുത്തുകയും അത് സമകാലിക സംഗീത പശ്ചാത്തലത്തിൽ സജ്ജീകരിക്കുകയും ചെയ്യുന്നു. ആരാധനാ സമയം കൂടുതൽ സജീവമായിക്കൊണ്ടിരിക്കുകയാണ്, കരിസ്മാറ്റിക് അല്ലാത്ത സഭകളിൽ പോലും ആളുകൾ സംഗീതത്തിൽ ആവേശഭരിതരാണ്. നമ്മുടെ ആത്മ മണവാളനെ മദ്ധ്യാകാശത്ത് വച്ച് കാണാനുള്ള ഒരുക്കത്തിലായതിനാൽ ഇത് സ്വാഗതാർഹമാണ്. സ്വർഗ്ഗത്തിലെ എല്ലാ പ്രായത്തിലുമുള്ള വിശുദ്ധരുടെയും അനസ്യൂതമായ പ്രവർത്തി ആരാധനയായിരിക്കും!

എന്നാൽ നമ്മുടെ കൂട്ടായമകളിൽ സ്തുതിക്കും ആരാധനക്കും വളരെയധികം സമയമെടുക്കുന്നതും ദൈവവചനത്തിന്റെ വ്യാഖ്യാനത്തിന് വളരെ കുറച്ച് സമയം മാത്രമേ ലഭിക്കാറുള്ളൂ എന്നതും ആശങ്കാജനകമായ വസ്തുതയാണ്. ആരാധന സഭയ്‌ക്ക് പ്രസംഗം കേൾക്കാനുള്ള തയ്യാറെടുപ്പിന്റെ സമയമാണെങ്കിലും, വികാരഭരിതമായ യോഗങ്ങളിൽ ആളുകൾ ശാരീരികമായി ക്ഷീണിതരാകുകയും സന്ദേശം കേൾക്കാൻ വേണ്ടത്ര ഉൻമേഷമുള്ളവരല്ലെന്നും പൊതുവേ നിരീക്ഷിക്കപ്പെടുന്നു. ഈ സാഹചര്യത്തിൽ പ്രഭാഷകർ അസാധരണമായ (വൈകാരികമായ) പ്രഭാഷണത്തിലേക്ക് നീങ്ങുന്നു, തൽഫലമായി ആളുകൾക്ക് കട്ടിയുള്ള ആത്മീയ ആഹാരം ലഭിക്കുന്നില്ല.

നാം കൂട്ടായ്മയ്ക്ക് പോകുമ്പോൾ, ദൈവത്തോട് “സംസാരിക്കുക” എന്നത് അനിവാര്യമെങ്കിലും ദൈവത്തെ “കേൾക്കുക” ആയിരിക്കണം മുഖ്യം. എന്നിരുന്നാലും, ഉപദേശം ഇതാണ്, “ആകയാൽ നിന്റെ വാക്കു ചുരുക്കമായിരിക്കട്ടെ.” (സഭാ 5:1,2). വചന ധ്യാനമാണ് അർത്ഥവത്തായ ആരാധനയിലേക്ക് നമ്മെ നയിക്കുന്നത്. നമുക്ക് ദൈവത്തിന്റെ വെളിപാടിന്റെ പ്രാഥമിക ഉറവിടം വിശുദ്ധ ബൈബിളാണ് (യോഹ 5:39; ലൂക്കോ 24:27). ദൈവത്തെക്കുറിച്ചുള്ള അറിവ് എത്രയധികം വലുതായിരിക്കും അത്രയധികം ഉത്തമമായിരിക്കും ആരാധന (റോമർ 10:14). അതുകൊണ്ടാണ് ആദ്യകാല വിശ്വാസികൾ ദൈവവചന പഠനത്തിനായി തങ്ങളുടെ ഒത്തുചേരലുകളിൽ പരമാവധി സമയം ചെലവഴിച്ചത്. നാം മുഴു രാത്രി പ്രാർത്ഥനയെക്കുറിച്ച് സംസാരിക്കുന്നു; അവർ മുഴു രാത്രി ദൈവവചനം സംസാരിച്ചു …… അപ്പം നുറുക്കുന്ന ശുശ്രൂഷയിൽ പോലും! (പ്രവൃ 20:7-11).

ക്രിസ്തുവിന്റെ വചനം നമ്മിൽ “സമൃദ്ധമായി” വസിക്കുന്നില്ലെങ്കിൽ സംഗീതം ശൂന്യമായിരിക്കും (കൊലോ 3:16). ആദ്യകാല ഗാനരചയിതാക്കൾ അവരുടെ സ്തുതിഗീതങ്ങൾ തിരുവചനത്തിന്റെ ഉള്ളടക്കത്താൽ സമ്പന്നമാക്കി. വാസ്തവത്തിൽ ഈ ഗീതങ്ങളിൽ നിന്ന് ഒരാൾക്ക് ദൈവശാസ്ത്രം പഠിക്കാൻ കഴിയും. പരിതാപകരമെന്നു പറയട്ടെ, ആധുനിക ഗാനങ്ങളിൽ ഭൂരിഭാഗവും ആകർഷകമാണെങ്കിലും ശോഷിച്ചതാണ്. ഉപരിവിപ്ലവമായ ആത്മീയതയാണ് ഇന്നത്തെ വിശ്വാസത്തിന്റെ അടയാളം എന്നതിൽ അതിശയിക്കാനില്ല. പാസ്റ്റർമാർ ഈ അവസ്ഥയെ ഗൗരവമായി കാണുകയും ജീവൻ നൽകുന്ന വചന സത്യങ്ങളാൽ നിറഞ്ഞ സന്ദേശങ്ങൾ തങ്ങളുടെ സഭകളിൽ കൊണ്ടുവരാൻ അദ്ധ്വാനിക്കുകയും ഉപരിവിപ്ലത ഒഴിവാക്കുകയും വേണം.

✍️ പാസ്റ്റർ. വെസ്‌ലി ജോസഫ്

You might also like