ശത്രുത്വത്തിന്റെ അതിർ വരമ്പുകൾ തുടച്ചു മാറ്റുക

0

വളരെ നിസ്സാര കാര്യത്തിനാണ് കൂട്ടുകാരായിരുന്ന  രണ്ടു പുലികൾ തമ്മിൽ വഴക്കുകൂടിയത്. കാട്ടിലെ മറ്റ് പുലികളും പക്ഷം പിടിച്ച് അവരുടെ വഴക്കില്‍ ചേര്‍ന്നു.

വഴക്ക് അവസാനിച്ചപ്പോള്‍ അവര്‍ രണ്ട് ചേരിയായി മാറി.  കാട്ടിലൂടെ ഒഴുകികൊണ്ടിരുന്ന ചെറിയൊരു അരുവിയുടെ അക്കരയും ഇക്കരയുമായി ഇവര്‍ താമസം ആരംഭിച്ചു. പരസ്പരം നോക്കുക പോലും ചെയ്യാതെ പക്ഷം പിടിച്ചവര്‍ കൂട്ട് ചേര്‍ന്ന് അരുവിയുടെ രണ്ടു കരകളിലായി  പകയോടും വൈരാഗ്യത്തോടും കഴിഞ്ഞു.  അരുവി അങ്ങനെ അവരുടെ ജീവിതത്തി്‌ന്റെ തന്നെ അതിര്‍ത്തിയായി മാറി.

അങ്ങനെയിരിക്കെ വേനല്‍ക്കാലം വന്നു.  വൈകാതെ ആ അരുവി വറ്റി വരണ്ട് അതിര്‍ത്തിയില്ലാതായി.  രണ്ടു കൂട്ടരും ചര്‍ച്ചയായി.  അതിര്‍ത്തി കാണാതെ ഇനി നമ്മുടെ പ്രദേശം എങ്ങിനെ തിരിച്ചറിയും?   അതിര്‍ത്തി എങ്ങനെയെങ്കിലും അടയാളപ്പെടുത്തിയേ പറ്റൂ.

ഇതെല്ലാം കേട്ട് ഒരു പെരും പാമ്പ് മരത്തില്‍ കിടക്കുന്നുണ്ടായിരുന്നു.  പാമ്പ് പറഞ്ഞു:  ഞാന്‍ നിങ്ങളുടെ സംസാരമെല്ലാം കേട്ടു.  ഒരു കാര്യം ചെയ്യാം.. അരുവിക്ക് പകരം ഞാന്‍ അതിര്‍ത്തിയായി ഇഴഞ്ഞുനീങ്ങാം. പുലികള്‍ പൊട്ടിച്ചിരിച്ചു.  അതുകൊണ്ട് എന്ത് കാര്യം നീ  ഇഴഞ്ഞങ്ങുപോകില്ലേ. അതോടെ അതിര്‍ത്തി പിന്നെയും ഇല്ലാതാകും.

പാമ്പ് പറഞ്ഞു:  “നിങ്ങളെ അല്പ നേരത്തേക്കേ എനിക്ക് വേര്‍തിരിച്ചു നിര്‍ത്താനാകൂ. അരുവിയും അതുപോലെ തന്നെയായിരുന്നു. കുറച്ച് മാസങ്ങള്‍ ഇതുവഴി ഒഴുകിയിരുന്നു എന്ന് മാത്രം.  അരുവി ഒഴുകിയിരുന്നപ്പോള്‍ ഇത് രണ്ടു കരകളായി നിങ്ങള്‍ക്ക് തോന്നി.  അരുവിയില്ലാതായതോടെ ഇരുകരകളും ഒന്നായി.   ഇതു പോലെ തന്നെയാണ് നിങ്ങളുടെ കാര്യവും. വേര്‍പിരിഞ്ഞത് കുറച്ച് കാലത്തേക്ക് മാത്രമായിരുന്നു.  അതിന് മുമ്പ് നിങ്ങള്‍ ഒന്നായിരുന്നില്ലേ.”

സാമൂഹ്യജീവിയായി ജീവിതം തുടരുമ്പോള്‍ വഴക്കുകള്‍ പലപ്പോഴും അതിന്റെ ഭാഗമാവുകയാണ് പതിവ്.  അതിര്‍വരമ്പുകള്‍ അവിടെയും സൃഷ്ടിക്കപ്പെടാം.  പക്ഷേ, വിദ്വേഷത്തിന്റെ അരുവികള്‍ തീര്‍ക്കുന്ന അതിര്‍വരമ്പുകള്‍ കുറച്ച് കാലത്തേക്ക് മാത്രമേ നിലനിര്‍ത്താവൂ.  ബന്ധങ്ങൾക്കിടയിലെ ഒരു ശത്രുതയും സ്ഥായിയാവരുത്.

വിദ്വേഷത്തിന്റെ അരുവികളെ നമുക്ക് മായ്ചുകളയാം.  ഒരു ശത്രുതയും സ്ഥിരമായി നിലനില്‍ക്കുന്നതാവാതിരിക്കട്ടെ , ഏതൊരു അതിര്‍വരമ്പുകളേയും മായ്ച്ചുകളയാന്‍ പരസ്പരസ്‌നേഹത്തിന് സാധിക്കും. അതിനായി ദൈവം നമ്മെ സഹായിക്കട്ടെ.

You might also like