നൈജീരിയയില്‍ ദേവാലയത്തിന് നേരെ ആക്രമണം: വൈദികനും ആറോളം വിശ്വാസികളും കൊല്ലപ്പെട്ടു
അബൂജ: കിഴക്കൻ നൈജീരിയയിലെ ബെനു സംസ്ഥാനത്ത് കത്തോലിക്കാ ദേവാലയത്തിന് നേരെയുണ്ടായ ആക്രമണത്തിൽ വൈദികനടക്കം ആറ് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കട്സിന-അല രൂപതയുടെ കീഴിലുള്ള സെന്റ് പോൾ അയേ-ട്വാർലെ ഇടവക പള്ളിയിലെ ഫാ. ഫെർഡിനാന്റ് ഫാനെൻ എൻഗുഗാൻ എന്ന വൈദികനും വിശ്വാസികളുമാണ് ഇന്നലെ ആയുധധാരികള്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച ശേഷം വിശുദ്ധ വാരത്തോടനുബന്ധിച്ചുള്ള ക്രിസം കുര്‍ബാനക്ക് പോകുവാന്‍ തയ്യാറെടുക്കവേയാണ് ആക്രമണം നടന്നത്. ദേവാലയത്തിലുണ്ടായിരുന്ന വിശ്വാസികള്‍ പ്രാണരക്ഷാര്‍ത്ഥം ചിതറിയോടിയപ്പോഴുണ്ടായ ബഹളത്തെ തുടര്‍ന്ന്‍ കാര്യം അന്വോഷിക്കുവാന്‍ പുറത്തിറങ്ങിയപ്പോള്‍ ഫാ. ഫെര്‍ഡിനാന്‍ഡ് അക്രമികളെ തടയുവാന്‍ ശ്രമിക്കുന്നതിനിടെ വെടിയേറ്റതെന്ന് രൂപതാ ചാന്‍സിലര്‍ ഫാ. ഫിദെലിസ് ഫെല്ലെ അക്ജുംബുല്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
ബെനു സ്റ്റേറ്റിലെ പ്രാദേശിക അധികാരികൾ അയേ-ട്വാർ ഗ്രാമത്തിലെ സെന്റ് പോൾസ് കത്തോലിക്കാ പള്ളിയിൽ കൊള്ളക്കാർ ആക്രമിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ഫാ. ഫെര്‍ഡിനാന്‍ഡ് 2018 മുതല്‍ സെന്റ് പോള്‍ ഇടവകയിലെ അസിസ്റ്റന്റ് വികാരിയായി സേവനം ചെയ്തുവരികയായിരുന്നു. ഇടവകയില്‍ അഭയം തേടിയെത്തിയ ഭവനരഹിതരെ സഹായിക്കുന്നതില്‍ അദ്ദേഹം വ്യാപൃതനായിരുന്നു. 2015 മുതല്‍ 2016 വരെ കട്സിന അലാ രൂപതയിലെ അസിസ്റ്റന്റ് കത്തീഡ്രല്‍ അഡ്മിനിസ്ട്രേറ്ററായും, 2016 മുതല്‍ 2018 വരെ ഗ്ബോര്‍-ടോങ്ങോവിലെ സെന്റ് പീറ്റര്‍ ഇടവകയിലെ വൈദികനായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.
വാരി രൂപതയില്‍ നിന്നും ബന്ധിയാക്കപ്പെട്ട നൈജീരിയന്‍ വൈദികന്‍ ഫാ. ഹാരിസണ്‍ എഗവുയേനു മോചിതനായി ദിവസങ്ങള്‍ക്കുള്ളിലാണ് മറ്റൊരു വൈദികന്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഏറ്റവും കൂടുതല്‍ ക്രൈസ്തവനരഹത്യ അരങ്ങേറുന്ന രാജ്യമായി നൈജീരിയ മാറിയിരിക്കുകയാണ്. ഇസ്ലാമിക തീവ്രവാദി സംഘടനകള്‍ അഴിച്ചുവിടുന്ന ആക്രമണത്തില്‍ നിരവധി വൈദികരും കൊല്ലപ്പെടുന്നുണ്ട്. ഭരണകൂടത്തിന്റെ നിഷ്ക്രിയത്വമാണ് അക്രമികള്‍ക്ക് വളമായി മാറുന്നത്. യുഎസ് മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് തന്റെ ഭരണകാലയളവില്‍ ക്രൈസ്തവ നരഹത്യയില്‍ നടപടി എടുക്കണമെന്ന നിര്‍ദേശം നൈജീരിയന്‍ പ്രസിഡന്‍റ് മുഹമ്മദ് ബുഹാരിക്ക് നല്‍കിയിരിന്നു.