എന്റെ മഗ്ദലന മറിയം: കവിത

ജസ്റ്റിൻ മാത്യൂ കൊച്ചാലുംമൂട്ടിൽ

0

ലംഘനം ആറാം പ്രമാണ
മതികഠിനമനോവ്യഥ
കാലം ചാർത്തും നാമം
കുലടയവൾ ദ്രവ്യം മേദസ്സായ
ണിഞ്ഞഴിഞ്ഞാടുന്നവൾ

ക്ലേശം ഏറെ സഹിച്ചു
തകർന്നൂ മനമിടിഞ്ഞനുദിനം
കുറ്റബോധത്താലുടഞ്ഞു
ഹൃദയം ചില്ലു പാത്രം പോലെ

ഇടവഴികളിൽ വളവിൽ
ചെരുവിൽ തെരുവിൽ
ഇരുളിൽ മറവിൽ
തിരഞ്ഞവരെല്ലാം കാത്തു
നിന്നന്തികൂട്ടിനിന്നെത്ര വേണം

ദാരിദ്രം ദുരിതമാ രക്ഷാ
കർതൃത്വം പുരുഷാ
ധിപത്യം കാമ ദാഹം
ഇതിലേതു മറിയമേ
നിന്നെ മനോഹരിയാം
വശ്യ വേശ്യയാക്കി

പ്രമാണികൾ പരദൂഷകർ
സമ്പന്നർ കപട സദാചാരികൾ
ഒന്നായ് കല്ലെടുത്താർത്തു
കാത്തു നിന്നോർ കാണിക്ക വച്ചോർ
കാമവും കനകവും പങ്കു വച്ചോർ
ജ്വലിച്ചന്നാ ക്രോധാനഗ്നിയിൽ

പാഞ്ഞൂപ്രാണനും കൊണ്ടാ
തെരുവിലന്നശ്രു വീഴേ
യരുളിയൊരു സത്യസ്വരമതു
തൊടുക്കാ മേതശ്മവുമീ
നാരീ മേലേവനുമപരാധിയല്ലേൽ

പൊഴിഞ്ഞൊരോ പ്രസ്തര
മതുകേൾക്കേയിന്നു മാപ്രസക്ത
മൊഴികളതി പ്രസക്തമാണ്

നനഞ്ഞ കണ്ണാലെ കണ്ടാ ദിവ്യ
രൂപമാശ്രയ വാക്കാൽ തുടച്ചകറ്റിയതാം
പാപഭാരങ്ങളെ നിർവീര്യമാക്കി യാത്മo
ഹിമംപോൽ വെണ്മയാക്കി

മേൽത്തരം സുഗന്ധ തൈലങ്ങളോ
രോന്നായൊഴിച്ചാ പരിശുദ്ധ പാദങ്ങൾ
തുടച്ചവൾ തൻ കാർകൂന്തലാലേ

പാപിനിയല്ലിനിമേൽ
പൂർവ കാര്യങ്ങളെല്ലാം
മറന്നാതമ് ശാന്തിക്കായ
ന്വേഷിക്ക ദൈവരാജ്യമീ കേട്ട
തിരു മൊഴികളെല്ലാം
ഗ്രഹിച്ചനാൾ മുതലവൾ
യേശുവിൻ ശിഷ്യയായി

മഗ്ദലന നാട്ടിലേ മറിയമാ
നേടിയ കുമ്പസാരമതു സത്യ
കുമ്പസാരമിന്നോ കുമ്പസാരം
ഒത്തുവന്നാൽ അപരാധം പിന്നാ
അപരാധമഴിയുവാൻ വീണ്ടു
മൊരു കപട കുമ്പസാരം

അനിശമനുഗാമിയവൾ യേശു
നാഥനെ പ്രാതിഷ്ഠിച്ചെന്നേരവു
മാത്മാവിൽ ക്ഷോഭ ലവലേശമന്യേ

വ്യഭിചാരവൃത്തിവിട്ട് യേശുവിൻ
ഔദാര്യമാം വിശുദ്ധ ജീവിതത്തിലി
പുണ്യമാം ശിഷ്ട കാലമത്രയും ചരിത്രമായി

ക്രൂശു മരണ പീഡകളെല്ലാം
കണ്ടന്നീ മഹതിയും
ചേർന്നടക്കിയാ ദിവ്യ ദേഹം
ചെന്നോരോ നാളുമാകല്ലറയിൽ
തേങ്ങലാൽ കണ്ടു സ്വർഗ്ഗ കാന്തി
മൂന്നാം നാൾ പ്രത്യക്ഷനായവനെ

ഉയിർപ്പുനാൾ തന്നെ കണ്ട നീയോ
പുണ്യവതി സന്തതം പ്രിയനേ
മുഴുകിയണുവിട ചലിക്കാതെ
വിശ്വാസത്താലണു വിട ചലിക്കാതെ

മാതൃക നിൻ ജീവിതമേതു
കൊടും പാപിക്കും നേടാം
സ്വർഗ്ഗരാജ്യം സത്യ സുവിശേഷം
ഹൃദയത്തിൽ സ്വീകരിക്ക മാത്രം
നേടും സുധീർഘമാം മഹാമന
ശാന്തിയും തുടങ്ങാം സ്നേഹ
ശിശ്രൂഷയും ലഭിക്കുമതാത്മാക്കളെ
ശ്രീ യേശുവിന്നായി

You might also like