ഒടിച്ചുകളയപ്പെട്ട ഫറവോന്റെ കരങ്ങൾ

0

യെഹെ. 30:24 “ഞാൻ ബാബേൽരാജാവിന്റെ ഭുജങ്ങളെ ബലപ്പെടുത്തി എന്റെ വാളിനെ അവന്റെ കയ്യിൽ കൊടുക്കും; ഫറവോന്റെ ഭുജങ്ങളെയോ ഞാൻ ഒടിച്ചുകളയും; മുറിവേറ്റവൻ ഞരങ്ങുന്നതുപോലെ അവർ അവന്റെ മുമ്പിൽ ഞരങ്ങും.”

മിസ്രയീമിന്മേലും സഖ്യകക്ഷികളുടെ മേലും വരുവാനുള്ള ശിക്ഷാവിധികൾ (30:1-19), ഭുജം ഒടിഞ്ഞ ഫറവോനും വാളേന്തിയ നെബൂഖദ്‌നേസറും (30:20-26) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

“പതിനൊന്നാമാണ്ടു ഒന്നാം മാസം ഏഴാം തീയതി” (30:20) അതായത്, യെരുശലേമിന്റെ പതനത്തിനു സുമാർ മൂന്നു മാസം മുമ്പ്, ബി സി 587 ഏപ്രിൽ മാസത്തിൽ യെഹെസ്‌കേൽ പ്രവാചകനിലൂടെ മിസ്രയീം രാജാവായ ഫറവോനോട് അറിയിക്കുന്ന ശക്തമായ യഹോവയുടെ അരുളപ്പാടുകൾ 20 മുതൽ 26 വരെയുള്ള തിരുവെഴുത്തുകളുടെ വായനയാകുന്നു. ഫറവോന്റെ ഭുജം ഒടിയപ്പെട്ടിരിക്കുന്നു എന്ന ചിത്രമാണ് ഇവിടുത്തെ കാതൽ പ്രമേയം. വാളേന്തുവാൻ സാധികാത്ത വിധത്തിൽ കരം ഒടിഞ്ഞു പോയ ഫറവോൻ, യുദ്ധമുഖത്തു നിസ്സഹായനായി പോയതിന്റെ വിശദീകരണമാണ്‌ ഈ ദൃഷ്ടാന്തത്തിന്റെ കാര്യസാരം. യുദ്ധമുന്നണിയിൽ നിൽക്കുന്ന ഒരു യോദ്ധാവിന്റെ കരങ്ങൾ എത്രയും ശക്തമായിരിക്കേണമെന്നു വിശേഷാൽ കുറിയ്ക്കേണ്ടതില്ലല്ലോ! ഫറവോന്റെ ഒടിഞ്ഞ കരങ്ങൾ വീണ്ടും വാൾ പിടിയ്ക്കുവാൻ തക്ക നിലയിൽ മരുന്ന് വച്ചുകെട്ടി ശരിയായ ചികിത്സ ചെയ്തിട്ടില്ല (30:21) എന്ന വസ്തുതയും പ്രാധാന്യത്തോടെ കുറിച്ചിട്ടുണ്ട്. ഈ അവസരത്തിൽ വാളേന്തി നിൽക്കുന്ന ബാബേൽ രാജാവായ നെബൂഖദ്‌നേസർ ചിത്രപ്രതലം പൂർണ്ണമാക്കുന്നു (30:24) എന്നു പഠിയ്ക്കുന്നതാണെനിക്കിഷ്ടം! യിസ്രായേൽ പലപ്പോഴും സഹായത്തിനായി ആശ്രയിച്ചിട്ടുള്ളതു ഫറവോനെയാണ്. ബാബേൽ പ്രവാസത്തോടനുബന്ധിച്ചും ഫറവോനോടുള്ള സഹായാഭ്യർത്ഥന (യെശ. 36:6,7; യെഹെ. 29:6,7) വിമർശന വിധേയമായതു നാം വായിക്കുന്നുണ്ട്. ബാബേലിന്റെ നുകത്തിനു കഴുത്തു സമർപ്പിക്കുന്നതാണ് കരണീയം എന്ന (യിരെ. 27:11,12) ബുദ്ധിയുപദേശം നിലനിൽക്കെ തന്നെ ഫറവോനിൽ ആശ്രയം വയ്ക്കുവാൻ തയ്യാറായി യിസ്രായേൽ. ഈ പശ്ചാത്തലത്തിലാണ് ഫറവോന്റെ കരങ്ങൾ ഒടിയ്ക്കപ്പെടുന്നതും നെബൂഖദ്‌നേസർ പ്രബലനാകുന്നതും.

പ്രിയരേ, ദൈവിക പദ്ധതികൾ കൃത്യമായും സമയബന്ധിതമായും നിറവേറപ്പെടും. അതിനെതിരായി ഉയരുന്ന ഏതൊരു കരവും ഒടിയ്ക്കപ്പെടുമെന്നു നാം മറന്നു പോകരുത്. പകരം ദൈവിക പദ്ധതിയുടെ നടപ്പിലാക്കലിനു അനുകൂലമായ കരങ്ങൾ ശക്തീകരിക്കപ്പെടുമെന്നും അതിനർത്ഥമുണ്ട്.

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like