
വിദേശത്തുളള എല്ലാ അമേരിക്കക്കാർക്കും അപൂർവ്വ ജാഗ്രതാ നിർദ്ദേശവുമായി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്
ഇറാനുമായുള്ള യുദ്ധത്തെത്തുടർന്ന് മേഖലയിലുണ്ടായ ശക്തമായ സംഘർഷാവസ്ഥ കണക്കിലെടുത്ത്, വിദേശത്ത് താമസിക്കുന്നതും യാത്ര ചെയ്യുന്നതുമായ എല്ലാ യു.എസ് പൗരന്മാർക്കും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അപൂർവ്വമായ ജാഗ്രതാ നിർദ്ദേശം (Worldwide Caution Alert) പുറപ്പെടുവിച്ചു. അമേരിക്കക്കാർ ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ഈ നടപടി.
ശനിയാഴ്ച പുറപ്പെടുവിച്ച നിർദ്ദേശത്തിൽ, വിദേശത്തുള്ള അമേരിക്കൻ പൗരന്മാരോട് അതീവ ജാഗ്രത പാലിക്കാനും പ്രാദേശിക സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പിന്തുടരാനും ആവശ്യപ്പെട്ടിട്ടുണ്ട്. മിഡിൽ ഈസ്റ്റിലും അതിനുപുറത്തുമുള്ള യു.എസ് നയതന്ത്ര കാര്യാലയങ്ങൾ ആക്രമണ ലക്ഷ്യമായിട്ടുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
“പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ കാരണം സുരക്ഷാ സാഹചര്യം സങ്കീർണ്ണമായി തുടരുകയാണ്. ഏതു നിമിഷവും അപ്രതീക്ഷിതമായ തിരിച്ചടികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇറാന് പിന്തുണ നൽകുന്ന ഗ്രൂപ്പുകൾ ലോകമെമ്പാടുമുള്ള അമേരിക്കൻ സ്ഥാപനങ്ങളെയോ, അമേരിക്കക്കാരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെയോ ലക്ഷ്യമിട്ടേക്കാം,” എന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.
വ്യോമാതിർത്തികൾ അടയ്ക്കുന്നതും വിമാന സർവീസുകൾ റദ്ദാക്കുന്നതും മൂലം യാത്രാ തടസ്സങ്ങൾ ഉണ്ടാകാമെന്നും ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
