കരിങ്കടലില്‍ വീണ്ടും മിസൈലാക്രമണം: മലയാളി കപ്പല്‍ ജീവനക്കാരന്‍ കൊല്ലപ്പെട്ടു

0

ന്യൂഡല്‍ഹി: കരിങ്കടലില്‍ ചരക്കുകപ്പലിന് നേരെ നടന്ന മിസൈലാക്രമണത്തില്‍ മലയാളി ജീവനക്കാരന്‍ കൊല്ലപ്പെട്ടു. ജൂലൈ 18 ന് ആക്രമണത്തിനിരയായ എംവി ഒമോര്‍ഫി എന്ന വാണിജ്യ കപ്പലിലെ ജീവനക്കാരനാണ് കൊല്ലപ്പെട്ടത്. സംഭവം സ്ഥിരീകരിച്ച കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ആക്രമണത്തില്‍ ശക്തമായ ആശങ്കയും രേഖപ്പെടുത്തി.

റഷ്യന്‍ സമുദ്ര അതിര്‍ത്തിയിലൂടെ കടന്നുപോകവെയാണ് കപ്പലിന് നേരെ ആക്രമണമുണ്ടായത്. പത്ത് ജീവനക്കാരുണ്ടായിരുന്ന കപ്പലില്‍ കൊല്ലപ്പെട്ട മലയാളിയെ കൂടാതെ മറ്റ് രണ്ട് ഇന്ത്യക്കാരും ഉണ്ടായിരുന്നു. ഇവര്‍ പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കൊല്ലപ്പെട്ട വ്യക്തിയുടെ മൃതദേഹം എത്രയും വേഗം ജന്മനാട്ടില്‍ എത്തിക്കുന്നതിനും കുടുംബത്തിന് ആവശ്യമായ അടിയന്തര സഹായങ്ങള്‍ ലഭ്യമാക്കുന്നതിനുമായി മോസ്‌കോയിലെ ഇന്ത്യന്‍ എംബസി ഊര്‍ജിത നടപടികള്‍ സ്വീകരിച്ചു വരികയാണ്.

റഷ്യ-ഉക്രെയ്ന്‍ യുദ്ധം രൂക്ഷമായ പശ്ചാത്തലത്തില്‍ കരിങ്കടല്‍ മേഖലയില്‍ അന്താരാഷ്ട്ര ചരക്കുകപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തുടര്‍ച്ചയായി വര്‍ധിച്ച് വരുന്നത് ആഗോള സമുദ്ര വ്യാപാരത്തിന് വലിയ ഭീഷണിയാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. മേഖലയില്‍ കഴിഞ്ഞ ദിവസം നടന്ന മറ്റൊരു ആക്രമണത്തിലും നാല് ഇന്ത്യന്‍ ജീവനക്കാര്‍ കൊല്ലപ്പെട്ടിരുന്നു

You might also like