നൂറ്റി മുപ്പത്തി ഒന്നാമത് മാരാമൺ മഹാ സംഗമത്തിന് തുടക്കമായി

0

ഹൂസ്റ്റൺ/മാരാമൺ: ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ കൺവെൻഷൻ മാരാമൺ പമ്പാ തീരത്ത് ഞായറാഴ്ച ഉച്ചയ്ക്കുശേഷം 2:30 ന് മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷൻ അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.

മാർത്തോമാ സുവിശേഷ പ്രസംഗ സംഘം പ്രസിഡണ്ട് അഭിവന്ദ്യ ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു.പ്രൊഫ.ക്ലിയോഫസ് ജെ ലാറു (അമേരിക്ക),റവ.മോളോ വിൽസൺ മെസവാൻഡിലെ(ആഫ്രിക്ക),ബിഷപ്പ് ഡോ. പോൾ സ്വരൂപ് (ഡൽഹി) എന്നിവർ ഈ വർഷത്തെ വിവിധ ദിവസങ്ങളിലെ കൺവെൻഷനിൽ മുഖ്യ പ്രസംഗകരായിരിക്കും.ബുധനാഴ്ച നടക്കുന്ന എക്യുമെനിക്കൽ സമ്മേളനത്തിൽ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാത്തോലിക്കാ ബാവാ മുഖ്യസന്ദേശം നൽകും.

കുടുംബ വേദി, യുവ വേദി, മിഷനറി സമ്മേളനം, സാമൂഹ്യ തിന്മകൾക്ക് എതിരെയുള്ള യോഗം തുടങ്ങിയവയും തുടർന്നുള്ള ദിവസങ്ങളിൽ ക്രമീകരിച്ചിട്ടുണ്ട്. കുട്ടികളുമായി വരുന്നവർക്ക് ഇരിക്കുവാൻ പ്രത്യേകം സജ്ജമാക്കിയ കുട്ടിപ്പന്തലും ഉണ്ട്. കോഴഞ്ചേരി, മാരാമൺ എന്നീ പഞ്ചായത്തുകളുടെ സഹകരണത്താൽ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നു.

കൺവെൻഷന് മുന്നോടിയായി വിശ്വാസമാം പടകിൽ പരമ്പരാഗത വേഷവിധാനത്തിൽ നൂറിലധികം വിശ്വാസികൾ പരിസ്ഥിതി സൗഹൃദ സന്ദേശയാത്ര നടത്തിയിരുന്നു. പുതിയ ബെയിലി പാലത്തിലൂടെ വിശ്വാസികൾ നേരത്തെ എത്തി തുടങ്ങിയിരുന്നു.

ഒരു ലക്ഷം പേർക്കിരിക്കാവുന്ന ഓലപ്പന്തൽ ആണ് മണൽപുറത്ത് തയ്യാറാക്കിയിരിക്കുന്നത്. 20 രൂപ നിരക്കിൽ കസേര ലഭ്യമാണ്. പന്തലിലും, പരിസരങ്ങളിലും തിരക്കുകൾ നിയന്ത്രിക്കുന്ന വൈദികരുടെ നിർദ്ദേശം അനുസരിച്ച് അച്ചടക്കത്തോടെയും, പ്രാർത്ഥനയോടെയുമാണ് സഭാ വിശ്വാസികൾ പന്തലിനുള്ളിലേക്ക് പ്രവേശിക്കുന്നത്. 101 അംഗ ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു.

You might also like