
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ അഞ്ച് ദിവസം ജോലി; അനുകൂല നിലപാടറിയിച്ച് സര്‍വീസ് സംഘടനകള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവൃത്തി ദിവസം ആഴ്ചയില്‍ ആറില്‍ നിന്ന് അഞ്ചാക്കി കുറയ്ക്കാനുള്ള നിര്‍ദേശം തത്വത്തില്‍ അംഗീകരിച്ച് സര്‍വീസ് സംഘടനകള്‍. പ്രവൃത്തി സമയം കൂട്ടുന്നതും അംഗീകരിച്ചു. എന്നാല്‍ പൊതു അവധിയും കാഷ്വല്‍ ലീവും ചുരുക്കാന്‍ അനുവദിക്കില്ലെന്ന് സംഘടനാ പ്രതിനിധികള്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി ചീഫ് സെക്രട്ടറി നടത്തിയ ഓണ്‍ലൈന്‍ മീറ്റിങിലാണ് സംഘടനകള്‍ അഭിപ്രായം വ്യക്തമാക്കിയത്. ജോലി സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ വകുപ്പിലെ ജീവനക്കാരുടെ കാര്യത്തില്‍ പ്രത്യേക തീരുമാനം വേണമെന്നും ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.
പ്രാഥമിക ചര്‍ച്ചയും അഭിപ്രായ ശേഖരണവുമാണ് നടന്നതെന്നും സര്‍ക്കാര്‍ ആലോചിച്ച ശേഷം അവധി അടക്കമുള്ള കാര്യങ്ങളില്‍ ആവശ്യമെങ്കില്‍ തുടര്‍ ചര്‍ച്ചയാകാമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. ശമ്പള പരിഷ്‌കരണ കമ്മിഷനും ഭരണ പരിഷ്‌കരണ കമ്മിഷനും ആഴ്ചയില്‍ അഞ്ച് ദിവസത്തെ അവധി നിര്‍ദേശം നേരത്തെ തന്നെ മുന്നോട്ട് വെച്ചിരുന്നു
