ഉയര്‍ന്ന വിദ്യാഭ്യാസം ആവശ്യമില്ല; കാനഡയിലേക്ക് 30,000 വിദേശ തൊഴിലാളികളെ ആവശ്യം; ഇന്ത്യക്കാര്‍ക്കും അവസരം
പുറത്തേക്കുള്ള തൊഴിലവസരങ്ങൾ തേടുന്ന പുതിയ തലമുറ ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് പുതിയ അവസരങ്ങൾക്ക് പിന്നാലെയാണ്. വടക്കൻ അമേരിക്കൻ രാജ്യമായ കാനഡ ഇത്തരക്കാരുടെ ബക്കറ്റ് ലിസ്റ്റിൽ ഒന്നാമത്തെ ഇടമാണ്. ഇന്ന് മലയാളികളടക്കമുള്ള ഇന്ത്യക്കാർ വലിയൊരളവിൽ കാനഡയിലുണ്ട്. കാനഡയിൽ തൊഴിൽ അന്വേഷിക്കുന്നവരാണെങ്കിൽ ഉയർന്ന വിദ്യാഭ്യാസം ആവശ്യമില്ലാത്ത എന്നാൽ കൃത്യമായ വൈദഗ്ധ്യം ആവശ്യമായൊരു ജോലിക്കാണ് വരുന്ന കാലത്ത് അവസരമെന്നാണ് കാണുന്നത്.
കാർഷിക രംഗത്തെ കനേഡിയൻ തൊഴിലാളികളിൽ വലിയൊരു അളവും വിരമിക്കാൽ പ്രായത്തോട് അടുത്തവരാണ്. ഇതിനാൽ തന്നെ വരുന്ന 10 വർഷത്തിനുള്ളിൽ 30,000 സ്ഥിര കുടിയേറ്റക്കാരെയാണ് കാനഡയിലേക്ക് ആവശ്യം.
റോയൽ ബാങ്ക് ഓഫ് കാനഡയുടെ (ആർബിസി) നടത്തിയ പഠനത്തിലാണ് വരുന്ന തൊഴിലവസരങ്ങളെ പറ്റി ധാരണയുണ്ടായത്. ഗവേഷണമനുസരിച്ച്, കനേഡിയൻ ഫാം ഓപ്പറേറ്റർമാരിൽ 40 ശതമാനവും 2033-ഓടെ വിരമിക്കും. ഇക്കാലയളവിൽ 24,000 ജനറൽ ഫാം, നഴ്‌സറി തൊഴിലാളികളുടെ കുറവ് ഉയർന്നുവരുമെന്ന് പ്രതീക്ഷിക്കുന്നു.
10 വർഷത്തിനുള്ളിൽ, ഇന്നത്തെ ഫാം നടത്തിപ്പുകാരിൽ 60 ശതമാനവും വിരമിക്കൽ പ്രായത്തിനോട് അടുത്ത 65 വയസിന് മുകളിൽ പ്രായമുള്ളവരാകുമെന്നും പഠനം പറയുന്നു.ഇത് പരിഹരിക്കാനായി 24,000-ലധികം സാധാരണ കർഷക തൊഴിലാളികൾക്കും 30,000 ഓപ്പറേറ്റർമാർക്കും സ്ഥിരമായ ഇമിഗ്രേഷൻ പദവി നൽകാനാണ് ആർബിസി പഠനം പറയുന്നത്.
ഒന്നുകിൽ സ്വന്തമായി ഫാമുകൾ തുടങ്ങുന്നതിനോ അല്ലെങ്കിൽ നിലവിലുള്ളവ ഏറ്റെടുക്കുന്നതിനോ കാനഡയിലെത്തുന്ന തൊഴിലാളികൾക്ക് അവസരം ലഭിക്കും. ഇതോടൊപ്പം സ്ഥിര തൊഴിലാളികളാനാകുള്ള അവസരവുമുണ്ട്. വിത്ത് വിതയ്ക്കുന്നതിനും വിളവെടുക്കുന്നതിനും ആവശ്യമായ കഴിവുകളുള്ള താൽകാലിക വിദേശ തൊഴിലാളികളെയാണ് നേരത്തെ കാനഡ ഉപയോഗിച്ചിരുന്നത്. ഇവരിൽ പലരും ചുരുങ്ങിയ കാലത്തിന് ശേഷം സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്നു. തിരികെ കാനഡയിലേക്ക് മടങ്ങുന്നില്ലെങ്കിൽ ഫാം തൊഴിലാളികളുടെ എണ്ണത്തിൽ വലിയ പ്രതിസന്ധി കാനഡ നേരിടും. ഇതിന് ബദലായാണ് സ്ഥിരം വിദേശ തൊഴിലാളികളെ തേടുന്നത്. നിലവിൽ കൂടുതൽ വൈദഗ്ധ്യമുള്ള ഫാം ഓപ്പറേറ്റർമാരുടെ കാര്യം വരുമ്പോൾ, ഇന്ത്യ, നെതർലാൻഡ്‌സ്, ചൈന, യുഎസ്, യുകെ എന്നിവിടങ്ങളിൽ നിന്നുള്ളവരെയാണ് കാനഡ സ്വീകരിക്കുന്നത്.
കാർഷിക രംഗത്ത് പുതിയ അവസരങ്ങളിൽ വിദേശ നിക്ഷേപകർക്ക് കാനഡ അവസരം നൽകുന്നുണ്ട്. ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി) യിൽ നിന്നുള്ള ഏറ്റവും പുതിയ പ്രകാരം കാർഷിക മേഖല ഇതിനകം തന്നെ തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കാൻ കുടിയേറ്റത്തിലേക്ക് തിരിയുകയാണ്. 155 മാനേജർമാർ, 530 അഗ്രികൾച്ചറൽ സർവീസ് കോൺട്രാക്ടർമാർ, ഫാം സൂപ്പർവൈസർമാർ, കന്നുകാലി തൊഴിലാളികൾ, 285 ഫാം തൊഴിലാളികൾ എന്നിവരുൾപ്പെടെ കാർഷിക മേഖലയിലെ ജോലികൾ നികത്താൻ 970 പുതിയ സ്ഥിര താമസക്കാർക്ക് കാനഡ 2022-ൽ അവസരം നൽകി.
2021-ൽ കാർഷിക രംഗത്തെ ജോലികൾക്കായി 625 പുതിയ സ്ഥിര താമസക്കാരെയാണ് കാനഡ സ്വീകരിച്ചത്. 2022 ലെ കണക്ക് പ്രകാരം 55.2 ശതമാനം വർധനവാണ് ഈ രംഗത്തെ കുടിയേറ്റത്തിലുണ്ടായത്. 2023 ൽ ഇതുവരെ 320 പേർ കാർഷിക ജോലിക്കായി കാനഡയിലെത്തിയെന്നാണ് കണക്ക്.
ആദ്യ ഘട്ടത്തിൽ കാനഡയിൽ താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന വിദേശികളെ റിക്രൂട്ട് ചെയ്യും. താൽക്കാലിക വിദേശ തൊഴിൽ പ്രോഗ്രാം (ടിഎഫ്ഡബ്ലുപി) വർക്ക് പെർമിറ്റ് ഉടമകളും ഇന്റർനാഷണൽ മൊബിലിറ്റി പ്രോഗ്രാമിലെ (ഐഎപി) വർക്ക് പെർമിറ്റ് ഉടമകളും ജോലിയുള്ള വിദേശ വിദ്യാർത്ഥികളും ഉൾപ്പെടും. രണ്ടാം ഘട്ടത്തിൽ, സ്ഥിരതാമസക്കാരായി പ്രവേശനത്തിന് എത്ര താൽക്കാലിക വിദേശ തൊഴിലാളികൾക്ക് അർഹതയുണ്ടെന്ന് ഐആർസിസി പരിശോധിച്ചാണ് തീരുമാനമെടുക്കുക.