ഇസ്ലാമിക തീവ്രവാദത്തിനു ചങ്ങലയിട്ട് ക്രൈസ്തവ വിശ്വാസത്തെ തിരികെ പിടിക്കാന്‍ യൂറോപ്യന്‍ ഭരണകൂടങ്ങള്‍

0

പാരീസ്/വിയന്ന: ഇസ്ലാമിക തീവ്രവാദം വേരു മുറുക്കിയ യൂറോപ്പില്‍ കടുത്ത നടപടികളുമായി ഭരണകൂടങ്ങള്‍. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മിച്ചെലും, ഫ്രാന്‍സിന്റെ യൂറോപ്യന്‍ അഫയേഴ്സ് മിനിസ്റ്റര്‍ ക്ലമന്റ് ബ്യൂണെയും പരസ്പര സഹകരണത്തോടെ തീവ്രവാദം തടയുന്നതിനെക്കുറിച്ച് ഓസ്ട്രിയന്‍ ചാന്‍സിലര്‍ സെബാസ്റ്റ്യന്‍ കുര്‍ട്സുമായി ചര്‍ച്ചചെയ്യുവാന്‍ വിയന്ന സന്ദര്‍ശിക്കുവാനിരിക്കുകയാണ്. ഇതുസംബന്ധിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിനൊപ്പമുള്ള വീഡിയോ ചര്‍ച്ചയിലും കുര്‍ട്സ് പങ്കെടുക്കുന്നുണ്ട്. യൂറോപ്പിന്റെ ക്രിസ്ത്യന്‍ ചാന്‍സലര്‍ എന്ന വിളിപ്പേരുള്ള സെബാസ്റ്റ്യന്‍ കുര്‍ട്സ് അടിയുറച്ച ക്രൈസ്തവ വിശ്വാസിയാണ്. രാജ്യത്തു വേരുറപ്പിക്കുന്ന ഇസ്ളാമിക ഭീകരതയെ തുടച്ചുനീക്കുവാന്‍ ശക്തമായ ഇടപെടലാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഓസ്ട്രിയന്‍ ഗവണ്‍മെന്റ് ആരംഭിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച ഇസ്ലാമിക മതമൗലീകവാദികളുമായി ബന്ധപ്പെട്ട അറുപതു കേന്ദ്രങ്ങളിലാണ് റെയിഡ് നടന്നത്. മതമൗലീകവാദികളെന്ന്‍ സംശയിക്കപ്പെടുന്ന മുപ്പതുപേരെ ചോദ്യം ചെയ്യുന്നതിനുള്ള ഉത്തരവുമായിട്ടായിരുന്നു റെയിഡ്. ഇസ്ലാമിക് സ്റ്റേറ്റിനോട് അനുഭാവം പുലര്‍ത്തുന്ന ജിഹാദി വിയന്നായില്‍ 4 പേരെ വെടിവെച്ചു കൊലപ്പെടുത്തിയതിന് ഒരാഴ്ചക്ക് ശേഷമാണ് ഇസ്ലാമിക തീവ്രവാദത്തിനെതിരെയുള്ള നടപടികള്‍ ശക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ റെയിഡും ആക്രമണവും തമ്മില്‍ ബന്ധമില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്. ഈ അന്വേഷണം മുസ്ലീം സമൂഹത്തിനോ മതത്തിനോ എതിരല്ലെന്നും മറിച്ച് മുസ്ലീങ്ങളുടെ സുരക്ഷക്ക് വേണ്ടി കൂടിയാണെന്നുമാണ് പ്രോസിക്യൂട്ടേഴ്സ് ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്.

സ്റ്റിറിയ, കരിന്തിയ, ലോവര്‍ ഓസ്ട്രിയ, വിയന്നാ എന്നീ മേഖലകളിലായിരുന്നു പ്രധാനമായും റെയിഡ് നടന്നത്. കൊലപാതകം നടത്തിയ വ്യക്തി നിരന്തരം സന്ദര്‍ശിച്ചുകൊണ്ടിരുന്ന വിയന്നയിലെ 2 മുസ്ലീം പള്ളികളും ഓസ്ട്രിയന്‍ സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച അടച്ചുപൂട്ടിയിരുന്നു. തീവ്ര ഇസ്ലാമിക വേരുകള്‍ നശിപ്പിക്കുകയാണ് റെയിഡിന്റെ ലക്ഷ്യമെന്നു ഓസ്ട്രിയന്‍ ആഭ്യന്തരമന്ത്രി കാള്‍ നെഹാമ്മെര്‍ പ്രതികരിച്ചു.

മുസ്ലിംസ് ബ്രദര്‍ഹുഡ്, ഹമാസ് എന്നീ തീവ്രവാദി സ്വഭാവമുള്ള സംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന എഴുപതിലധികം വ്യക്തികളെക്കുറിച്ചും അസോസിയേഷനുകളെക്കുറിച്ചും അന്വേഷണം നടന്നുവരികയാണെന്നാണ് സ്റ്റിറിയ മേഖലയിലെ പ്രോസെക്യൂട്ടേഴ്സ് ഓഫീസ് അറിയിച്ചു.

ഒരു വര്‍ഷത്തിലധികമായി നടന്നുവരുന്ന അന്വേഷണത്തിന്റെ ഭാഗമാണ് റെയിഡെന്നും ഔദ്യോഗിക വൃത്തങ്ങള്‍ സൂചന നല്‍കി. തീവ്രവാദത്തിനുള്ള സാമ്പത്തിക സഹായവും, കള്ളപ്പണം വെളുപ്പിക്കലും അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നുണ്ട്. നവംബര്‍ 2നു വിയന്നയില്‍ നടന്ന ആക്രമണം ഓസ്ട്രിയയില്‍ നടക്കുന്ന ആദ്യത്തെ ജിഹാദി സ്വഭാവത്തോടുകൂടിയ ആക്രമണമായിരുന്നു. കുജ്ടിം ഫെജ്സുലൈ എന്ന ഇരുപതുകാരനാണ് ആക്രമണത്തിനു പിന്നില്‍. കഴിഞ്ഞ വര്‍ഷം ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുവാന്‍ സിറിയയിലേക്ക് പോകുവാന്‍ ശ്രമിച്ചിരുന്ന വ്യക്തികൂടിയാണ് ഇയാള്‍. ജര്‍മ്മനിയിലും, സ്ലോവാക്യയിലും ഇയാള്‍ക്കുള്ള ബന്ധങ്ങളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.

വ്യവസ്ഥാപിത താത്പര്യങ്ങളോട് കൂടിയ ഇസ്ളാമിക അഭയാര്‍ത്ഥി അധിനിവേശത്തിന് തടയിട്ട് ക്രൈസ്തവ വിശ്വാസത്തെ നെഞ്ചോട് ചേര്‍ത്തു പിടിക്കുന്ന രാജ്യങ്ങളാണ് യൂറോപ്യന്‍ രാജ്യങ്ങളായ പോളണ്ടും ഹംഗറിയും. ഈ നിലപാടിലേക്ക് ഓസ്ട്രിയയും ഫ്രാന്‍സും കടന്നുവരുന്നുവെന്നതിന്റെ സൂചനയായാണ് ഇസ്ലാമിക തീവ്രവാദത്തിന് തടയിടാന്‍ എടുത്തിരിക്കുന്ന ശക്തമായ തീരുമാനങ്ങള്‍. യൂറോപ്പിന്റെ സമാധാനപരമായ ജീവിതത്തിന് വിലങ്ങുതടിയായ ഇസ്ളാമിക തീവ്രവാദം പടരുന്നതിന്റെ പാഠം ഉള്‍ക്കൊണ്ട് നഷ്ട്ടമായ ക്രിസ്തീയ മൂല്യങ്ങള്‍ ചേര്‍ത്തു പിടിക്കാന്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും വരും നാളുകളില്‍ മുന്നിട്ടിറങ്ങുമെന്നാണ് പൊതുവേയുള്ള നിരീക്ഷണം.

You might also like