കാനഡയിൽ ഇന്ത്യന്‍ വിദ്യാർത്ഥികള്‍ക്ക് ദുരിതം! തൊഴിലും, താമസസൗകര്യമില്ലാതെ വിദ്യാർത്ഥികൾ ചൂഷണം ചെയ്യപ്പെടുന്നു
കാനഡയിലേക്ക് ഇന്ത്യൻ വിദ്യാർത്ഥികളുടെ കുടിയേറ്റം വലിയ ദുരിതത്തിൽ. പലർക്കും ജോലിയില്ലാതെ നരകയാതന അനുഭവിക്കുന്നതായി റിപ്പോർട്ടുകൾ. മുന്നോട്ട് ഇനി ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കാനഡയിലേക്ക് ചേക്കേറാൻ ആവില്ല എന്നതാണ് സത്യം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മലയാളി വിദ്യാർത്ഥികളുടെ കുടിയേറ്റത്തിന്റെ പ്രധാന ലക്ഷ്യ സ്ഥാനങ്ങളിലൊന്നാണ് കാനഡ. നിരവധി മലയാളികളാണ് ഇതിനോടകം തന്നെ കാനഡയിലേക്ക് കുടിയേറിയിരിക്കുന്നത്.
പഠന വിസയിലെത്തി വിദ്യാഭ്യാസം പൂർത്തിയാക്കുന്നതോടെ ഏതെങ്കിലും തരത്തിലുള്ള ജോലികള്‍ സ്വന്തമാക്കി പതിയെ പിആർ കരസ്ഥമാക്കുന്നതാണ് പൊതുവേയുള്ള രീതി. എന്നാല്‍ നിലവില്‍ കാനഡയില്‍ കാര്യങ്ങള്‍ അത്ര സുഖകരമല്ലെന്ന രീതിയിലുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. പഠന വിസയില്‍ എത്തുന്നവർ ഫീസിനും മറ്റ് ചിലവുകള്‍ക്കുമായി പ്രധാനമായി ആശ്രയിക്കുന്നത് പാർട് ടൈം ജോലികളെയാണ്. മികച്ച ജോലിയാണ് ലഭിക്കുന്നതെങ്കില്‍ കാനഡയിലെ ചിലവുകള്‍ക്ക് പുറമെ വീട്ടിലേക്ക് അയക്കാനുള്ള തുക വരെ കണ്ടെത്തുന്നവരുമുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസം പുറത്ത് വന്ന ഒരു വീഡിയോയില്‍ ദൃശ്യമാവുന്നത്, ഒരു പാർട്ട് ടൈം തൊഴിൽ മേളയിൽ ഇന്ത്യൻ അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെയും ബിരുദധാരികളുടെയും നീണ്ട നിരയാണ്. ടൊറന്റോയിൽ നിന്ന് 100 കിലോമീറ്റർ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന കിച്ചനറിൽ നിന്നുള്ളതായിരുന്നു ഈ ദൃശ്യങ്ങള്‍. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള ചർച്ചകള്‍ക്കും വഴി വെച്ചു.
കാനഡയിലെ ഏതെങ്കിലും ഒരു സ്ഥലത്ത് മാത്രമുള്ള സാഹചര്യമല്ല ഇതെന്നും എല്ലായിടത്തും പൊതുവെ ഇങ്ങനെയായി വരുന്നുവെന്നുമാണ് ചിലർ അഭിപ്രായപ്പെടുന്നത്. പാർട്ട് ടൈം ജോബ് രംഗത്ത് വലിയ പ്രതിസന്ധിയാണ് നിലനില്‍ക്കുന്നതെന്ന് മറ്റ് ചിലരും ചൂണ്ടിക്കാണിക്കുന്നു. ഫലത്തില്‍ കാനഡയിലെ അന്തർദേശീയ വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ പ്രശ്നം ശക്തമാണെന്നാണ് പല റിപ്പോർട്ടുകളും വ്യക്തമാക്കുന്നത്.
എല്ലാം വലിയ ചെലവേറിയതാകുന്നു. ഇതോടെ ഇന്ത്യയില്‍ കഴിയുന്ന മാതാപിതാക്കളിൽ നിന്ന് അധിക സാമ്പത്തിക സഹായം ആവശ്യപ്പെടാൻ വിദ്യാർത്ഥികൾ നിർബന്ധിതരാകുന്നു. ഈ സാഹചര്യം ഞങ്ങളെ ഏറെ വിഷമിപ്പിക്കുന്നതാണ്’ – ഒന്റാറിയോയിലെ ഹാമിൽട്ടണിലെ ഒരു പബ്ലിക് കോളേജിലെ വിദ്യാർത്ഥിയായ സുമിത് ബാലിയാൻ എന്ന വിദ്യാർത്ഥിയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സപ്രസ് റിപ്പോർട്ട് ചെയ്യുന്നു.
കാനഡയിലേക്ക് വരുന്ന അന്തർദ്ദേശീയ വിദ്യാർത്ഥികൾ ഉയർന്ന ട്യൂഷൻ ഫീസ്, അതായത് പ്രാദേശിക കനേഡിയൻ വിദ്യാർത്ഥികൾ അടയ്‌ക്കുന്നതിന്റെ അഞ്ചിരട്ടിയിലധികമാണ് നല്‍കേണ്ടത്. ഇതിന് പുറമെ നിർബന്ധിത ഗ്യാരന്റീഡ് ഇൻവെസ്റ്റ്‌മെന്റ് സർട്ടിഫിക്കറ്റിൽ കുറഞ്ഞത് $10,000 നിക്ഷേപിക്കുകയും വേണം. ഇത് കാലക്രമേണെ തിരികെ ലഭിക്കും.
കാനഡയിൽ എത്തിയ ഉടൻ തന്നെ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിച്ചത്. കാനഡയിൽ ധാരാളം തൊഴിലവസരങ്ങൾ ഉണ്ടെന്നും ഞങ്ങളുടെ ചെലവുകൾ വീണ്ടെടുക്കുക മാത്രമല്ല, വീട്ടിലേക്ക് പണം അയയ്‌ക്കാനും കഴിയുമെന്നും പ്രതിനിധികൾ ഞങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാല്‍ ഇതൊന്നും സത്യമല്ല’- ബാലിയാന്‍ പറയുന്നു ജോലിയുടെ ദൗർലഭ്യവും ഭവന, ഭക്ഷണച്ചെലവും കുതിച്ചുയരുന്നതും സ്ഥിതി കൂടുതൽ വഷളാക്കിയിട്ടുണ്ടെന്നാണ് ഈ വർഷം ജനുവരിയിൽ കാനഡയിലേക്ക് താമസം മാറിയ ബാലിയാൻ വ്യക്തമാക്കുന്നു. ‘ കെട്ടിട ഉടമകള്‍ ഏകപക്ഷീയമായി വാടക വർധിപ്പിക്കുന്നു, അതിന് തയ്യാറായില്ലെങ്കില്‍ പുറത്താക്കുമെന്ന് പോലും ഭീഷണിപ്പെടുത്തുന്നു. തിരക്കേറിയ താമസസ്ഥലങ്ങളിൽ ഒരു ബെഡ് സ്പെയിസിന് 800 ഡോളർ വരെയാണ് നല്‍കേണ്ടത്.
ചില വിദ്യാർത്ഥികൾക്ക് ഭക്ഷണത്തിനായി ഫുഡ് ബാങ്കുകളെ പോലും ആശ്രയിക്കേണ്ടി വരുന്നു.”-ബലിയാൻ പറയുന്നു. അന്തർദേശീയ വിദ്യാർത്ഥികളുടെ ഈ കുതിച്ചുചാട്ടം നേരിയ മാന്ദ്യത്തിലൂടെ പണപ്പെരുപ്പം തടയാനുള്ള കാനഡയുടെ ശ്രമങ്ങളായിട്ടാണ് കാണുന്നത്, എന്നാല്‍ നിർഭാഗ്യവശാൽ ഇത് സ്ഥിതിഗതികൾ വഷളാക്കി. ‘ഞാൻ ഇന്ത്യയിലായിരുന്നപ്പോൾ, യൂട്യൂബിലും റീലിലും ഇന്ത്യൻ വിദ്യാർത്ഥികളിൽ നിന്നുള്ള പ്രചോദനാത്മകമായ വീഡിയോകൾ കാണാറുണ്ടായിരുന്നു, ഇവിടെ എല്ലാം എത്ര മികച്ചതാണെന്ന് അവർ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോള്‍ നേരെ മറിച്ചുള്ള കാര്യങ്ങളാണ് വരുന്നത്’- ബലിയാൻ കൂട്ടിച്ചേർത്തു.
മതിയായ താമസസൗകര്യം നൽകാതെ അന്തർദേശീയ വിദ്യാർത്ഥികൾ ചൂഷണം ചെയ്യപ്പെടുകയാണെന്ന വിമർശനവും ശക്തമാണ്. കാനഡ ഈ വർഷം 753,000 അന്തർദ്ദേശീയ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം ഇത് 550,000 മാത്രമായിരുന്നു. ഈ വിദ്യാർത്ഥികൾ കാനഡയുടെ സമ്പദ്‌വ്യവസ്ഥയിലേക്ക് പ്രതിവർഷം 25 ബില്യൺ ഡോളർ സംഭാവന ചെയ്യുന്നുവെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.