തട്ടിക്കൊണ്ടുപോകല്‍, ക്രൂര പീഡനം, മതപരിവര്‍ത്തന വിവാഹം: സഹായം അഭ്യര്‍ത്ഥിച്ച് പാക്ക് ക്രിസ്ത്യന്‍ പെൺകുട്ടി
ഫൈസലാബാദ്: പാക്കിസ്ഥാനിലെ ഫൈസലാബാദിലുള്ള ബിസ്മില്ലാപൂറില്‍ തട്ടികൊണ്ടുപോയി പീഡനത്തിനിരയാക്കി ഇസ്ലാമിലേക്ക് മതം മാറ്റി വിവാഹം ചെയ്ത ആളുടെ വീട്ടിൽ നിന്ന് രക്ഷപ്പെട്ട ക്രിസ്ത്യന്‍ പെണ്‍കുട്ടി സഹായ അഭ്യര്‍ത്ഥനയുമായി രംഗത്ത്. സെപ്റ്റംബർ 28നു തട്ടിക്കൊണ്ടു പോയ ഷീസ മക്ക്സൂദ് എന്ന പതിനാറുകാരിയാണ് ‘ഭര്‍തൃതടങ്കലില്‍’ നിന്ന്‍ രക്ഷപ്പെട്ടതിന് ശേഷവും വധഭീഷണി ലഭിക്കുന്ന സാഹചര്യത്തില്‍ സഹായം അപേക്ഷിച്ച് രംഗത്തെത്തിയിരിക്കുന്നത്. ടളളാ ഹൈദർ എന്നൊരാളും കൂട്ടുകാരുമാണ് ഷീസയെ തട്ടിക്കൊണ്ടുപോയത്. തിരികെ സ്വന്തം വീട്ടില്‍ എത്തിയ പെൺകുട്ടിക്കും, വീട്ടുകാർക്കും ഹൈദറിന്‍റെ വധഭീഷണി തുടര്‍ച്ചയായി ലഭിക്കുകയായിരിന്നു. അമ്മയായ ഗുൽസാർ ബീവിയും, പന്ത്രണ്ടു വയസ്സുകാരി സഹോദരിയും മാത്രം വീട്ടിൽ ഉണ്ടായിരുന്നപ്പോഴാണ് ഷീസ മക്ക്സൂദിനെ തട്ടിക്കൊണ്ടുപോകുന്നത്. പിതാവായ മക്ക്സൂദ് മാസിഹും, രണ്ടു സഹോദരന്മാരും ആ സമയത്ത് ജോലി സ്ഥലത്തായിരുന്നു.
രാത്രി 10 മണിയോടെ ടളളാ ഹൈദറും, സംഘവും വീട്ടിൽ അതിക്രമിച്ച് കയറിയത്. കരഞ്ഞ് നിലവിളിച്ചെങ്കിലും ഷീസയെ അക്രമിസംഘം പിടിച്ചുകൊണ്ടുപോയി. സമീപത്ത് താമസിക്കുന്ന രണ്ട് ബന്ധുക്കൾ കരച്ചിൽ കേട്ട് ഓടിയെത്തിയെങ്കിലും അപ്പോഴേക്കും ഹൈദറും, സംഘവും സ്ഥലംവിട്ടിരുന്നു. മൂന്നു പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് ഷീസ വെളിപ്പെടുത്തി. അവർ കുറച്ചു നേരം വാഹനമോടിച്ചതിന് ശേഷം ഒഴിഞ്ഞ ഒരു വീട്ടിലേക്ക് ഷീസയെ കൊണ്ടുപോയി പീഡിപ്പിച്ചു. ഏറെ നില വിളിച്ചെങ്കിലും ആരും സഹായത്തിനെത്തിയില്ല. മൂന്നു ദിവസത്തിനു ശേഷം ഒരു മോസ്ക്കിൽ കൊണ്ടുപോയി തോക്ക് ചൂണ്ടി കാണിച്ച് തന്നെ അവർ മതം മാറ്റുകയായിരിന്നുവെന്നും ഷീസ പറഞ്ഞു. പിന്നീട് മത കോടതിയിലേക്ക് കൊണ്ടുപോയി ഹൈദറെ വിവാഹം ചെയ്യാൻ സമ്മതമാണെന്ന് ഒപ്പിട്ട് തന്നില്ലെങ്കിൽ പിതാവിനെയും, സഹോദരന്മാരെയും വധിക്കുമെന്ന് അവർ ഭീഷണിപ്പെടുത്തി. ഇതേതുടര്‍ന്നു ഭയം മൂലം സമ്മത പത്രത്തിൽ ഒപ്പിട്ടു നൽകുകയായിരിന്നു. അവിടെ നിന്ന് റോഷൻവാലയിലുളള ഹൈദറുടെ വീട്ടിലേക്ക് അവളെ പിടിച്ചുകൊണ്ടുപോയി. ഒന്നര മാസത്തോളം താൻ പീഡിപ്പിക്കപ്പെട്ടുവെന്ന് ഷീസ മക്ക്സൂദ് പറഞ്ഞു. നവംബർ മാസം തുടക്കത്തിൽ ഹൈദർ മുറിയിൽനിന്നും ഫോൺ എടുക്കാൻ മറന്നു പോയ അവസരം പ്രയോജനപ്പെടുത്തി ഷീസ ഫോണിൽ സഹോദരനെ വിളിച്ചുവരുത്തി രക്ഷപ്പെടുകയായിരുന്നു. നീതി തേടി ഈ കുടുംബം അലയുകയാണ്. തുടർച്ചയായി വധഭീഷണി വരുന്നതിനാൽ തങ്ങൾക്ക് സുരക്ഷ നൽകണമെന്ന് ഫൈസലാബാദ് പോലീസിനോട് ഷീസയും കുടുംബവും അഭ്യർത്ഥിക്കുന്ന വീഡിയോ പുറത്തുവന്നിരിന്നു.