വിശ്വാസികളുടെ പ്രതിഷേധം ഫലം കണ്ടു: ആരാധനാലയങ്ങളുടെ നിയന്ത്രണം പുനഃപരിശോധിക്കണമെന്ന്‌ ഫ്രഞ്ച് ഉന്നത കോടതി

0

പാരീസ്: ഒരേസമയത്ത് വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ സാധിക്കുന്ന ആളുകളുടെ എണ്ണം മുപ്പതായി നിശ്ചയിച്ച ഫ്രഞ്ച് സർക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ൻ ഫ്രാൻസിലെ പരമോന്നത കോടതിയായ സ്റ്റേറ്റ് കൗൺസിൽ സർക്കാരിനോട് ആവശ്യപ്പെട്ടു. നിലവിലെ നിയന്ത്രണങ്ങൾ കൊറോണ വൈറസ് വ്യാപനത്തിന് അനുസൃതമായല്ലായെന്ന് കോടതി നിരീക്ഷിച്ചു. ഒക്ടോബർ 30 മുതലുള്ള നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി എടുത്തുമാറ്റുമെന്ന് സർക്കാർ കഴിഞ്ഞ ആഴ്ച പ്രഖ്യാപനം നടത്തിയിരുന്നു.

ഇതിൻപ്രകാരം അവശ്യവസ്തുക്കൾ അല്ലാത്തവ വിൽക്കുന്ന സ്ഥാപനങ്ങളും ദേവാലയങ്ങളും തുറക്കാനുളള അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ദേവാലയങ്ങൾ എത്ര വലുപ്പമുള്ളവ ആയാലും മുപ്പതിൽ കൂടുതൽ ആളുകൾ ഒരേസമയത്ത് ദേവാലയത്തിൽ പ്രവേശിക്കരുതെന്നാണ് സർക്കാർ പറഞ്ഞിരിക്കുന്ന വ്യവസ്ഥ. കച്ചവട സ്ഥാപനങ്ങളെക്കാളുമധികം ദേവാലയങ്ങളിലും കത്തീഡ്രലുകളിലും സമ്പർക്കം ഇല്ലാതെ നിൽക്കാൻ സ്ഥലമുണ്ടെന്നു സർക്കാർ തീരുമാനത്തിനെതിരെ രംഗത്തു വന്ന കത്തോലിക്കാ സംഘടനകൾ വ്യക്തമാക്കി. സർക്കാർ നിലപാടിനെതിരെ രാജ്യത്തു വ്യാപക പ്രതിഷേധം ഉയർന്നിരിന്നു.

പോലീസ് അതിക്രമങ്ങളുടെ പേരിൽ പാരീസിൽ നടന്ന പ്രതിഷേധ പ്രകടനങ്ങളുടെ ചിത്രം കണ്ടതിനുശേഷം ദേവാലയങ്ങളിൽ 30 പേർ മാത്രമേ നിൽക്കാൻ പാടുള്ളൂവെന്ന് പറയുന്നത് യുക്തിഹീനമായ കാര്യമാണെന്ന് നന്ററ്റാരെ രൂപതയുടെ മെത്രാനായ മാത്യു റൂഗ് പ്രതികരിച്ചു. അതേസമയം ആരോപണങ്ങളെല്ലാം സർക്കാർ നിഷേധിച്ചു. ഫ്രാൻസ് മാത്രമല്ല ഇങ്ങനെയുള്ള നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുള്ള ഏകരാജ്യമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതിനിധിയായ പാസ്കൽ ലെഗ്ളിസ് പറഞ്ഞു. എന്നാൽ ദേവാലയ പ്രവേശനത്തിന് 30 എന്നുള്ള എണ്ണം വളരെയധികം കുറവാണെന്ന് ഭരണനേതൃത്വം സമ്മതിച്ചു. അതേസമയം വിവിധ മതങ്ങളുടെ പ്രതിനിധികൾ ഫ്രഞ്ച് പ്രധാനമന്ത്രി ജിയാൻ കാസ്റ്റെക്സുമായി കൂടിക്കാഴ്ച നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്.

You might also like