ഇവാ. പി.ഐ.എബ്രഹാം (കാനം അച്ചൻ- 91) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു; സംസ്കാരം പിന്നീട്.
പ്രശസ്‌ത സുവിശേഷ പ്രസംഗകനും വേദാദ്ധ്യാപകനും എഴുത്തുകാരനുമായ ഇവാ. പി.ഐ.എബ്രഹാം (കാനം അച്ചൻ- 91) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. പി ഐ എബ്രഹാം യാക്കോബായ സഭയിൽ വൈദികനായിരിക്കെ പെന്തെകോസ്ത് വിശ്വാസം സ്വീകരിച്ച് കാനം അച്ചൻ എന്ന പേരിൽ അറിയപ്പെട്ടു. മികച്ച പ്രസംഗകൻ, പ്രഗത്ഭനായ എഴുത്തുകാരൻ, വേദാദ്ധ്യാപകൻ എന്നീ നിലകളിൽ അര നൂറ്റാണ്ടിലേറെ പെന്തെകോസ്ത് മുന്നേറ്റത്തോടൊപ്പം സഞ്ചരിച്ച വ്യക്തിയായിരുന്നു.
1933 ഒക്ടോബർ 20 നു കോട്ടയം ജില്ലയിൽ ചേലക്കൊമ്പു ഗ്രാമത്തിൽ പാറക്കൽ എന്ന യാക്കോബായ കുടുംബത്തിൽ ഐസക് – മറിയാമ്മ ദമ്പതികളുടെ മകനായി ജനിച്ചു. ബാല്യം മുതൽ ആത്മീയ തല്പരനായിരുന്നു. സണ്ടേസ്കൂൾ വിദ്യാർത്ഥിയായിരിക്കെ യേശുവിനെ രക്ഷിതാവായി സ്വീകരിച്ചു. 1958-ൽ വൈദീക പഠനത്തിനു ശേഷം പട്ടം സ്വീകരിച്ചു വൈദീകനായി കോട്ടയം ജില്ലയിൽ വിവിധ പള്ളികളിൽ ശുശ്രൂഷിച്ചു. യാക്കോബായ സഭയുടെ വചനവിരുദ്ധ നിലപാടുകൾക്കും വിശ്വാസങ്ങൾക്കും എതിരെ വിശ്വാസികളെ ബോധവൽക്കരിച്ചു. പലപ്പോഴും സഭാനേതൃത്വം അച്ചനെ വിസ്തരിക്കുകയും സഭാനടപടികളും ഉപദേശങ്ങളും ലംഘിക്കരുതെന്നു മുന്നറിയിപ്പ് നല്കുകയും ചെയ്തു.
കങ്ങഴ ചെറ്റെടം പള്ളി വികാരിയായിരിക്കെ 1966-ൽ ഓഗസ്റ്റ് 3 നു മണിമലയാറ്റിൽ സി.സി മാത്യു എന്ന ജോർജ് സാറിന്റെ കൈക്കീഴിൽ വിശ്വാസസ്നാനം സ്വീകരിച്ചു. സ്നാനമേറ്റെങ്കിലും പൗരോഹിത്യം ഉപേക്ഷിച്ചില്ല. കേരളത്തിൽ പെന്തെകോസ് സഭകൾ സഭാ വിഭാഗ വ്യത്യസമെന്യ കാനം അച്ചനെ പ്രസംഗകൻ എന്ന നിലയിൽ അംഗീകരിച്ച് ആദരിച്ചു. വിശ്രമമില്ലാതെ 1967 മുതൽ കഴിഞ്ഞ 57 വർഷമായി അദേഹം പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്നു. പുതുപ്പള്ളി ചർച്ച് ഓഫ് ഗോഡ് അഗപ്പെ സഭാംഗമാണ്.
ഭാര്യ: വാഴൂർ ചിറക്കടവ് കൊച്ചുവീട്ടിൽ ഏലിയാമ്മ ഏബ്രഹാം. മക്കൾ: നിർമ്മല (കുറിച്ചി), ബിജു ഏബ്രഹാം (യുഎസ്എ), ജിജി മോൾ (കൂത്താട്ടുകുളം). മരുമക്കൾ: ജേക്കബ് തോമസ്(കുറിച്ചി), ഷൈനി (യുഎസ്), ജോൺസൺ സി. വർഗീസ് (കൂത്താട്ടുകുളം)