ചൈനയിൽ ബൈബിൾ ഓഡിയോ പ്ലെയർ വിറ്റ കുറ്റത്തിന് വിചാരണ നേരിട്ട് ക്രൈസ്തവർ
ബെയ്ജിംഗ്: മതവിരുദ്ധത മുറുകെ പിടിക്കുന്ന കമ്മ്യൂണിസ്റ്റ് ഏകാധിപത്യ രാഷ്ട്രമായ ചൈനയിൽ ഓഡിയോ ബൈബിൾ പ്ലെയർ വിറ്റ കുറ്റത്തിന് അറസ്റ്റിലായ നാലു ക്രൈസ്തവ വിശ്വാസികളുടെ കോടതി വിചാരണ ആരംഭിച്ചതായി റിപ്പോർട്ട്. ചൈനയിലെ ഗുവാങ്ഡോങ് പ്രവിശ്യയിൽ നിന്നും ജൂലൈ 2നാണ് ഫു സുവാൻജുവാൻ, ഡെങ് ടിയാൻയോങ്, ഹാൻ ലി, ഫെങ് ക്വാൻഹാവോ എന്ൻ പേരായ ക്രൈസ്തവർ നിയമപരമല്ലാത്ത കച്ചവടം ചെയ്തു എന്ന കുറ്റമാരോപിച്ച് അറസ്റ്റിലാകുന്നത്.
‘ലൈഫ് ട്രീ കൾച്ചർ കമ്മ്യൂണിക്കേഷൻ കമ്പനി’യുടെ ഡയറക്ടറായ ‘ഫു’വിനു 5 വർഷവും, കമ്പനിയുടെ സൂപ്പർവൈസറായ ഡെങ്ങിനും, ടെക്നീഷ്യനായ ഫെങ്ങിനും 3 വർഷത്തെ തടവും പിഴയും, അക്കൌണ്ടന്റായ ‘ഹാൻ’ന് പതിനെട്ടു മാസത്തെ തടവും പിഴയുമാണ് ജനകീയ പ്രൊക്യൂറേറ്റ് നിർദ്ദേശിച്ചിരിക്കുന്നത്. നിലവിൽ ഇവർ നാലു പേരേയും ബാവോ ജില്ലയിലെ ഡിറ്റൻഷൻ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ്. കേസ് പ്രൊക്യൂറേറ്റ് ജനകീയ കോടതി മുൻപാകെ സമർപ്പിച്ചു കഴിഞ്ഞു. ജനകീയ കോടതിയുടെ ആറാം ട്രിബ്യൂണൽ നവംബർ 27ന് ആദ്യ വാദം കേട്ടുവെന്നും ഡിസംബർ 9നു രണ്ടാമത്തെ ഹിയറിംഗ് കേൾക്കുമെന്നും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2011 ഏപ്രിൽ മാസത്തിലാണ് ഷെൻസെനിൽ ‘ലൈഫ് ട്രീ കൾച്ചർ കമ്മ്യൂണിക്കേഷൻ’ ഓഡിയോ ബൈബിൾ പ്ലെയർ നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന കമ്പനി സ്ഥാപിക്കുന്നത്. നിയമപരമായി അംഗീകാരം നേടിയ കമ്പനിയാണിത്. എന്നാൽ സർക്കാർ വിചാരിച്ചാൽ എന്ത് കുറ്റവും ചുമത്തി ആരേയും കുറ്റവാളികളാക്കുവാൻ കഴിയും എന്ന നിലയിലേക്കാണ് ചൈനയിലെ കാര്യങ്ങൾ പോകുന്നത്. കർശനമായ നിയമനടപടികളിലൂടെ സർക്കാർ അംഗീകാരമുള്ള ദേവാലയങ്ങളിൽ പോകാതെ ബൈബിൾ വിൽക്കുന്ന മറ്റ് ക്രൈസ്തവരെ ഭയപ്പെടുത്തുക എന്ന ലക്ഷ്യവും ഇത്തരം സംഭവങ്ങൾക്ക് പിന്നിൽ ഉണ്ടെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.