ആൻഡ്രോയിഡിന്റെ പുതിയ പതിപ്പായ ആൻഡ്രോയിഡ് 15 ഒഎസ് ഗൂഗിൾ ഔദ്യോഗികമായി പുറത്തിറക്കി

0

ആൻഡ്രോയിഡിന്റെ പുതിയ പതിപ്പായ ആൻഡ്രോയിഡ് 15 ഒഎസ് ഗൂഗിൾ ഔദ്യോഗികമായി പുറത്തിറക്കി. സെപ്റ്റംബർ മൂന്ന് ചൊവ്വാഴ്ച ഒരു ബ്ലോഗ് പോസ്റ്റിലാണ് ഗൂഗിൾ പുതിയ ഒഎസ് പുറത്തിറക്കിയതായി അറിയിച്ചത്. ആൻഡ്രോയിഡ് ഓപ്പൺ സോഴ്സ് പ്രൊജക്ട് ആയി ഇതിന്റെ സോഴ്സ് കോഡ് ലഭ്യമാക്കിയിട്ടുണ്ട്. ഇതുവഴി ഡെവലപ്പർമാർക്ക് അവരുടെ ഉത്പന്നങ്ങൾക്ക് അനുയോജ്യമായ കസ്റ്റം ഒഎസുകൾ നിർമിക്കാൻ സാധിക്കും. വരും ആഴ്ചകളിലാണ് ആൻഡ്രോയിഡ് 15 ഫോണുകളിലെത്തുക. ഗൂഗിൾ പിക്സൽ ഫോണുകളിലാണ് ആദ്യമെത്തുക. മാസങ്ങൾ നീണ്ട ബീറ്റാ പരീക്ഷണ ഘട്ടം പൂർത്തിയാക്കിയാണ് പുതിയ ഒഎസ് അവതരിപ്പിച്ചിരിക്കുന്നത്.

ഗൂഗിൾ പിക്സൽ ഫോണുകൾക്ക് പുറമെ, സാംസങ്, ഓണർ, ഐഖൂ, ലെനോവൊ, മോട്ടോറോള, നത്തിങ്, വൺ പ്ലസ്, ഓപ്പോ, റിയൽമി, ഷാർപ്പ്, സോണി, ടെക്നോ, വിവോ, ഷാവോമി തുടങ്ങിയ ബ്രാന്റുകളുടെ ഫോണുകളിലും വരും മാസങ്ങളിൽ ആൻഡ്രോയിഡ് 15 അപ്ഡേറ്റ് എത്തും.

പുതിയ വോളിയം കൺട്രോൾ പാനൽ, പാർഷ്യൽ സ്ക്രീൻ ഷെയറിങ്, ഫുൾ സ്ക്രീൻ ആപ്പുകൾ തുടങ്ങി ഒട്ടേറെ പുതിയ സൗകര്യങ്ങളുമായാണ് ആൻഡ്രോയിഡ് 15 അവതരിപ്പിച്ചിരിക്കുന്നത്. വിൻഡോസ് ലാപ്ടോപ്പിലെ വെബ് ക്യാമറയായി സ്മാർട്ഫോണിനെ മാറ്റാനുള്ള സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടുതൽ സുരക്ഷയും സ്വകാര്യതയും ഉറപ്പുനൽകും വിധമാണ് ആൻഡ്രോയിഡ് 15 ഒരുക്കിയിട്ടുള്ളത്. ടാബ് ലെറ്റുകൾ പോലുള്ള വലിയ സ്ക്രീനുകളിലെ മൾടി ടാസ്കിങ്, പിക്ചർ ഇൻ പിക്ചർ മോഡ് എന്നിവ മെച്ചപ്പെടുത്തിയിട്ടുണ്ട്.

You might also like