
പൗരബോധമുള്ള വിദ്യാർത്ഥികളെ ആദരിക്കും: മന്ത്രി വി. ശിവൻകുട്ടി
പൗരബോധവും സാമൂഹിക ഉത്തരവാദിത്വവും പുലർത്തുന്ന വിദ്യാർത്ഥികളെ സർക്കാർ ആദരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. വിദ്യാർത്ഥികളെ ഉത്തരവാദിത്വമുള്ള മികച്ച പൗരന്മാരാക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച ‘ചുവട് 2026’ പദ്ധതിയുടെ പ്രഖ്യാപനവും, പരിഷ്‌കരിച്ച ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഒന്നാം വർഷ പാഠപുസ്തകങ്ങൾ, സ്‌കൂളുകളുടെ സുരക്ഷ മാന്വൽ എന്നിവയുടെ പ്രകാശനവും തിരുവനന്തപുരം ശിക്ഷക് സദനിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
കുട്ടികളിൽ സാമൂഹ്യ അവബോധം, സഹാനുഭൂതി, ഭരണഘടനയോടുള്ള കൂറ്, മുതിർന്നവരോടുള്ള ബഹുമാനം, സഹവിദ്യാർത്ഥികളോടുള്ള സഹകരണം, പരിസ്ഥിതി ബോധം, എന്നിവ വളർത്തുകയാണ് ചുവട് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. ലഹരി വിപത്തിനെതിരെ പോരാടാൻ കുട്ടികളെ സജ്ജമാക്കുന്നതിലും പദ്ധതി സഹായകരമാകും. പാഠപുസ്തകത്തിനപ്പുറം അടിസ്ഥാന ജീവിതനൈപ്പുണികളെക്കുറിച്ചുള്ള പാഠങ്ങൾ വിദ്യാർത്ഥികൾക്ക് നൽകും. പദ്ധതിയുടെ ഭാഗമായി പ്രത്യേക പരീക്ഷകൾ ഉണ്ടായിരിക്കില്ല. പകരം കുട്ടികളുടെ ജീവിതരീതിയിലും പെരുമാറ്റത്തിലുമുണ്ടാകുന്ന മാറ്റങ്ങളാണ് വിലയിരുത്തുകയെന്നും മന്ത്രി അറിയിച്ചു.
കഴിഞ്ഞ പതിനഞ്ച് വർഷമായി മാറ്റമില്ലാതെ തുടരുന്ന പാഠ്യപദ്ധതിയിലാണ് ഇപ്പോൾ കാലോചിതമായ പരിഷ്‌കാരം കൊണ്ടുവന്നത്. സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി അംഗീകാരം നൽകിയ 41 ടൈറ്റിൽ പാഠപുസ്തകങ്ങളാണ് പുറത്തിറക്കിയത്. ഏകദേശം 20 ലക്ഷത്തോളം പുതിയ പുസ്തകങ്ങൾ അച്ചടിച്ച് വിതരണത്തിനായി തയ്യാറാക്കിയിട്ടുണ്ട്. അടുത്ത അധ്യയന വർഷം മുതൽ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് ഇവ ലഭ്യമാക്കും. കമ്പ്യൂട്ടർ സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഇലക്ട്രോണിക്‌സ് തുടങ്ങിയ വിഷയങ്ങൾ പുതുക്കിയ പാഠ്യപദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ചരിത്രത്തെ മുറിവേൽപ്പിക്കാൻ അനുവദിക്കില്ലെന്നതാണ് കേരളത്തിന്റെ നിലപാടെന്നും യഥാർത്ഥ ചരിത്രം കുട്ടികൾ പഠിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
