
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: 13 പ്രതികള്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: രാജ്യമൊട്ടാകെ വലിയ പ്രതിഷേധങ്ങള്‍ക്കും നിയമ പോരാട്ടങ്ങള്‍ക്കും വഴിവെച്ച നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ 13 പ്രതികള്‍ക്കെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐ ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസിന്റെ അന്വേഷണം നടത്തുന്ന സിബിഐയുടെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് വിശദമായ കുറ്റപത്രം കോടതി മുമ്പാകെ സമര്‍പ്പിച്ചത്.
ചോദ്യപേപ്പര്‍ ചോര്‍ച്ച കേസുകള്‍ മാത്രമായി കൈകാര്യം ചെയ്യാന്‍ പ്രത്യേകമായി രൂപീകരിച്ച ഫാസ്റ്റ് ട്രാക്ക് കോടതിയിലാണ് കേസിന്റെ തുടര്‍ നടപടികള്‍ ആരംഭിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍, 1988 ലെ അഴിമതി നിരോധന നിയമം, പരീക്ഷാ തട്ടിപ്പുകള്‍ തടയുന്നതിനായി കൊണ്ടുവന്ന 2024 ലെ പബ്ലിക് എക്സാമിനേഷന്‍സ് (പ്രിവന്‍ഷന്‍ ഓഫ് അണ്‍ഫെയര്‍ മീന്‍സ്) ആക്ട് എന്നിവയിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്ത് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.
മെയ് 12 ന് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസില്‍ അന്വേഷണം ആരംഭിച്ചത്. യഷ് യാദവ്, മംഗിലാല്‍ ബിവാള്‍, ദിനേശ് ബിവാള്‍, വികാസ് ബിവാള്‍, ശുഭം ഖൈര്‍നാര്‍, ധനഞ്ജയ് ലോകാണ്ഡെ, പ്രഹലാദ് കുല്‍ക്കര്‍ണി, തേജസ് ഹര്‍ഷദ് കുമാര്‍, ഡോ. മനോജ് ശിരൂര്‍, ശിവരാജ് രഘുനാഥ് മോത്തെ ഗാവോങ്കര്‍, മനീഷ വാഗ്മാരെ, മനീഷ മന്ധാരെ, മനീഷ സഞ്ജയ് ഹവാല്‍ദാര്‍ എന്നിവരാണ് നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രധാന പ്രതികള്‍.
ചോദ്യ പേപ്പര്‍ ചോര്‍ത്തിയതിന് പിന്നിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും വന്‍ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും കുറ്റപത്രത്തില്‍ സിബിഐ വിശദമായി വിവരിക്കുന്നുണ്ട്. രാജസ്ഥാനിലെ സികാറില്‍ പരിശീലനത്തിന് പോയപ്പോഴാണ് വികാസ് ബിവാള്‍ പ്രതിയായ യഷ് യാദവുമായി പരിചയപ്പെടുന്നത്. മകന്‍ വികാസിനായി ചോദ്യ പേപ്പര്‍ സംഘടിപ്പിക്കാന്‍ മംഗിലാല്‍ ബിവാള്‍ മറ്റൊരു പ്രതിയായ ശുഭം ഖൈര്‍നാറുമായി ബന്ധപ്പെടുകയായിരുന്നു. ശുഭത്തില്‍ നിന്ന് യഷിനും യഷില്‍ നിന്ന് 10 ലക്ഷം രൂപയുടെ ഇടപാടിലൂടെ മംഗിലാലിനും ചോദ്യപേപ്പര്‍ ലഭിക്കുകയായിരുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു
